വന്യജീവിശല്യം തടയാനുള്ള പദ്ധതികളില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും തുല്യപ്രാധാന്യം: മുഖ്യമന്ത്രി
Monday, September 1, 2025 2:56 AM IST
കോഴിക്കോട്: മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനൊപ്പം വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിലനിര്‍ത്തുന്നതിനും തുല്യപ്രാധാന്യം നല്കുന്ന പദ്ധതികളാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വന്യജീവികള്‍ക്കുള്ള സ്വാഭാവിക ആവാസവ്യവസ്ഥ വനത്തിനുള്ളില്‍തന്നെ സൃഷ്ടിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്യജീവികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വനത്തില്‍ത്തന്നെ ലഭിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി നാശോന്മുഖമായ കുളങ്ങളും ജലാശയങ്ങളും നവീകരിക്കും. വന്യജീവികള്‍ക്ക് ആവശ്യത്തിനു ഭക്ഷണം ലഭ്യമാക്കുന്നതിനു ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കും. വന്യജീവി ശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇതിനകം 1,584 ഹെക്ടര്‍ പ്രദേശത്തെ സ്വാഭാവിക വനങ്ങളാക്കി മാറ്റിക്കഴിഞ്ഞു.
വിവിധ സര്‍ക്കിളുകളിലായി 5,031 ഹെക്ടര്‍ പ്രദേശത്ത് ഇതിനായുള്ള പ്രവൃത്തികള്‍ നടന്നുവരികയാണ്. വനാതിര്‍ത്തികളില്‍ സോളാര്‍ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അക്കേഷ്യ, യൂക്കാലിപ്സ് തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും. ഇതിലൂടെ വന്യജീവികള്‍ ജനവാസ മേഖലകളിലേക്കു വരുന്നത് വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും. സംസ്ഥാനതലത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ എത്തിക്കും - മുഖ്യമന്ത്രി പറഞ്ഞു.