പഴയൊരു മധുരം; ഓസ്ട്രേലിയയിൽ 120 വർഷം പഴക്കമുള്ള ചോക്ലേറ്റ് കണ്ടെത്തി
Thursday, December 24, 2020 8:39 AM IST
സിഡ്നി: ഓസ്ട്രേലിയൻ കവിയുടെ സ്വകാര്യ ശേഖരത്തിൽനിന്നും കണ്ടെടുത്തത് 120 വർഷം പഴക്കമുള്ള ചോക്ലേറ്റ്. പ്രമുഖ കവി ആൻഡ്രൂ ബാർട്ടൺ പാറ്റേഴ്സൺ എന്ന ബാൻജോ പാറ്റേഴ്സന്റെ സ്വകാര്യ ശേഖരത്തിൽനിന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ചോക്ലേറ്റ് കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ നാഷണൽ ലൈബ്രറിയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
ബോയർ യുദ്ധത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് സൈനികർക്ക് യുദ്ധ സ്മരണയ്ക്കായി വിക്ടോറിയ രാജ്ഞി നൽകിയ ചോക്ലേറ്റ് ആണ് കണ്ടെത്തിയത്. കാഡ്ബറി ചോക്ലേറ്റാണ് ബോക്സിലുള്ളത്. ചോക്ലേറ്റ് ബാർ പഴയരീതിയിൽ വൈക്കോൽ ഉപയോഗിച്ചാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. സിൽവർ ഫോയിൽ പേപ്പർ ഉപയോഗിച്ച് ചോക്ലേറ്റ് നന്നായി പൊതിഞ്ഞതിനു ശേഷമാണ് ബോക്സിൽ വച്ചിരിക്കുന്നത്.
ബക്കിംഗ്ഹാം കൊട്ടാരം നേരിട്ടാണ് സൈനികർക്കുള്ള ചോക്ലേറ്റ് നിർമിച്ചത്. ഇതിനുള്ള പണം രാജ്ഞിയുടെ പേഴ്സിൽനിന്ന് നൽകുകയായിരുന്നു. 1899 ൽ സിഡ്നി മോണിംഗ് ഹെറാൾഡിന്റെയും ദി ഏജിന്റേയും യുദ്ധ ലേഖകനായിരുന്നപ്പോൾ ബ്രിട്ടീഷ് സൈന്യത്തിൽ നിന്ന് ബാൻജോ പാറ്റേഴ്സൺ ചോക്ലേറ്റ് ടിൻ വാങ്ങിയെന്നാണ് കരുതുന്നത്.