ബസിന്റെ ചക്രത്തിനിടയിൽ ബൈക്ക് യാത്രികൻ കുടുങ്ങി; രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
Monday, September 16, 2019 6:39 PM IST
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചക്രത്തിനിടയിൽ അകപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം.
ദേശീയ പാതയിൽനിന്നു ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കിടയിലേക്കു ബസ് നിയന്ത്രണംവിട്ട് ഓടിക്കയറി. ഇതിനിടെ ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. ചക്രത്തിനുള്ളിൽ സ്കൂട്ടർ യാത്രികൻ പെട്ടതു റോഡിൽ നിന്നവർ വിളിച്ചുപറഞ്ഞപ്പോഴാണു ബസ് ഡ്രൈവർ അറിഞ്ഞത്. ഉടൻ തന്നെ ബസ് നിർത്തിയതുകൊണ്ടു വലിയ അപകടം ഒഴിവായി.
അത്ഭുതകരമായാണു ചക്രത്തിനുള്ളിൽ കുടുങ്ങിയയാൾ രക്ഷപ്പെട്ടത്. നാലു പേർക്ക് അപകടത്തിൽ പരിക്കേറ്റു. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസാണ് അപകടമുണ്ടാക്കിയത്.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളിൽ കുടുങ്ങി ഏതാനും മീറ്റർ റോഡിലൂടെ നിരങ്ങുന്നതു ദൃശ്യങ്ങളിൽ കാണാം.