ഇതൊക്കെ നിസാരം! കുപ്പിയുടെ അടപ്പ് പുഷ്പം പോലെ തുറക്കുന്ന തേനീച്ചകള്‍
Saturday, May 29, 2021 6:07 PM IST
തേനീച്ചകള്‍ അല്ലെങ്കിലും നിസാരക്കാരൊന്നുമല്ല. നല്ല കഠിനാധ്വാനികളാണെന്നാണ് അവരെക്കുറിച്ചുള്ള വിശേഷണം.അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ തേനീച്ചകളുടെ ദൃശ്യങ്ങള്‍.ഒരു ശീതളപാനീയ കുപ്പിയുടെ അടപ്പ് തുറക്കുന്ന തേനീച്ചകളാണ് ഈ ഹീറോകള്‍.
തേനീച്ചകള്‍ ഒരു കുപ്പിയുടെ അടപ്പ് തുറക്കുകയോ എന്ന് അതിശയപ്പെടേണ്ട.ബ്രസീലിലെ സാവോ പോളോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഈ സംശയത്തിന് ഉത്തരം നല്‍കും. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകള്‍ പതിയെ തിരിച്ചു തിരിച്ച് അടപ്പ് തുറക്കുന്നതും അത് താഴേക്കിടുന്നതുമാണ് ദൃശ്യങ്ങളില്‍.
ശീതളപാനീയം കുടിക്കാനിറങ്ങിയ ജീവനക്കാരന് പകര്‍ത്തി സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ കണ്ട് ചെറു പ്രാണികളുടെ കഴിവില്‍ അത്ഭുതം പ്രകടിപ്പിക്കുന്ന നിരവധി കമന്റുകള്‍ ഇതിനു താഴെയെത്തുന്നുണ്ട്.