അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ മകള്‍ ഐസിയുവിനുള്ളില്‍ വിവാഹിതയായപ്പോള്‍
Wednesday, December 28, 2022 11:46 AM IST
ഏറ്റവും പ്രിയപ്പെട്ടവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുക എന്നത് മിക്കവര്‍ക്കും ആഗ്രഹമുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ച് അവസാനത്തെ ആഗ്രഹം പറയുമ്പോള്‍ അതെങ്ങനെ എങ്കിലും നിറവേറ്റാന്‍ മിക്കവരും കഴിയുന്നത്ര ശ്രമിക്കാറുണ്ട്.
ഇത്തരത്തിലൊരു വൈകാരിക സംഭവമാണ് അമന് കുമാര്‍ ദുബേ എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ആശുപത്രിയുടെ ഐസിയുവില്‍ രോഗിക്കടുത്തായി ഒരു വിവാഹം നടക്കുന്നതാണുള്ളത്.
എന്നാല്‍ ഇതൊരു സാധാരണ വിവാഹമല്ല. ഒരാളുടെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കുക കൂടിയായിരുന്നു. കേട്ടാല്‍ ഒരു ചലച്ചിത്ര കഥ എന്ന് തോന്നിക്കുന്ന ഇക്കാര്യം ഉണ്ടായിരിക്കുന്നത് ബിഹാറിലാണ്.
ഗയയയില് നിന്നുള്ള പൂനം കുമാരി വര്‍മ എന്ന സ്ത്രീയുടെ ആഗ്രഹമാണ് ഇത്തരത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. നഴസ് ആയിരുന്ന പൂനം കുറച്ചുകാലമായി രോഗത്തിന്റെ പിടിയിലായിരുന്നു. അവരുടെ മകള്‍ ചാന്ദ്നി കുമാരിയും ഗുരുവ പോലീസ് സ്റ്റേഷന് പരിധിയിലെ സേലംപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന സുമിത് ഗൗരവുമായുള്ള വിവാഹം ഈ മാസത്തില്‍ നിശ്ചയിച്ചിരുന്നു.
എന്നാല്‍ ഇതിനിടെ പൂനത്തിന്റെ രോഗം മൂര്ച്ചിക്കുകയുണ്ടായി. ഏതു സമയത്തും അവര്‍ മരിക്കാമെന്ന വസ്തുത ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വിഷയം മനസിലാക്കിയ പൂനം തന്റെ അവസാന ആഗ്രഹമായി മകള്‍ വിവാഹം കഴിക്കുന്നത് കാണണമെന്ന് ബന്ധുക്കളോട് പറഞ്ഞു.
അവര്‍ ഇക്കാര്യം വരന്റെ കൂട്ടരെ അറിയിച്ചു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ ആ അമ്മയുടെ ആഗ്രഹത്തിന് സുമിത്തിന്റെ വീട്ടുകാര്‍ പ്രാധാന്യം നല്കി. തത്ഫലമായി സുമിത്തും ചാന്ദ്നിയും ഗയയിലെ മജിസ്ട്രേറ്റ് കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ വിവാഹിതരായി. വധൂവരന്മാര് പൂനത്തിന്റെ കാല്‍തൊട്ട് അനുഗ്രഹവും വാങ്ങി.
രണ്ടുമണിക്കൂറിന് ശേഷം പൂനം മരണപ്പെടുകയുമുണ്ടായി. വൈറലായ ഈ സംഭവം നെറ്റിസണിലും ചര്‍ച്ചയായി. "ഏതായാലും ആ അമ്മയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റി നല്കിയല്ലൊ. നല്ലത്' എന്നാണൊരു ഉപയോക്താവിന്റെ അഭിപ്രായം.