നന്നായി പഠിക്കാന്‍ നല്ല അന്തരീക്ഷം ഒരുക്കുന്ന അധ്യാപിക; വൈറല്‍ വീഡിയോ കാണാം
Thursday, November 24, 2022 9:22 AM IST
ഒരു വ്യക്തിയുടെ വികസനത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകര്‍. ഒരാള്‍ കുട്ടി ആയിരിക്കുമ്പോള്‍ സ്കൂളുകളില്‍ നിന്നും മറ്റും ലഭിക്കുന്ന അനുഭവങ്ങള്‍ തീര്‍ച്ചയായും അവരുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കും.
ഒരു നല്ല അധ്യാപകന്‍ ഒരാളുടെ ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുമെന്നത് ഉറപ്പാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ സിംഗ് തന്‍റെ ട്വിറ്റില്‍ പങ്കുവച്ച വീഡിയോയില്‍ വേറിട്ടൊരു അധ്യാപികയെ ആണ് പരിചയപ്പെടുത്തുന്നത്.
ബീഹാറിലെ ബങ്കയില്‍ നിന്നുള്ള ഒരു സ്കൂളിന്‍റെ ദൃശ്യങ്ങളില്‍ ഒരു അധ്യാപിക തന്‍റെ കുട്ടികളുമായി കളിക്കുന്നതാണുള്ളത്. പലര്‍ക്കും പാഠഭാഗങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് വ്യത്യസ്തമായിരിക്കുമല്ലൊ. എന്നാല്‍ പഠനം രസകരമാക്കാന്‍ വേറിട്ട രീതികളാണ് ഈ അധ്യാപിക സ്വീകരിക്കുന്നത്.
അവര്‍ ക്ലാസ് മുറിയില്‍ കുട്ടികളുമായി പാടുകയും മറ്റും ചെയ്തശേഷം അവരുമായി സ്കൂള്‍ മുറ്റത്തേക്ക് പോവുകയാണ്. മുറ്റത്ത് നിന്ന് ഈ അധ്യാപികയും കുട്ടികളും ഒളിച്ചുകളിയും മറ്റും നടത്തുകയാണ്. കുട്ടികളും വളരെ ആവേശത്തിലാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തം.
വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. "വിദ്യാര്‍ഥികളുടെ മുഖത്തെ പുഞ്ചിരി നോക്കൂ’ എന്നാണൊരു ഉപയോക്താവിന്‍റെ കമന്‍റ്. സകൂള്‍ കാലത്തെ ഓര്‍മിപ്പിച്ചെന്ന് മറ്റൊരാളും എഴുതി.