നീ മുകിലോ...ഉൾക്കണ്ണിൻ കാഴ്ച്ചയിൽ അനന്യയുടെ ഗാനം
Tuesday, September 3, 2019 1:15 PM IST
ഇത് അനന്യ. ഈ കൊച്ചു മിടുക്കിയാണ് കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ താരം. സ്കൂൾ യൂണിഫോമിൽ ക്ലാസ് മുറിയിലിരുന്ന് സിത്താര കൃഷ്ണകുമാറിന്റെ നീ മുകിലോ എന്ന ഗാനം ആസ്വദിച്ചു പാടുകയാണ് ഈ ഒൻപതു വയസുകാരി. മാധ്യമ പ്രവർത്തകയായ മിനി പദ്മയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ കുഞ്ഞു ഗായികയുടെ പാട്ട് പങ്കുവച്ചത്.
വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ അനന്യക്കുട്ടിയും അവളുടെ ശബ്ദവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് അനന്യയുടെ സ്വരമാധുര്യത്തെ അഭിനന്ദിച്ചുകൊണ്ടും ആശംസകൾ നേർന്നുകൊണ്ടും രംഗത്തെത്തിയിരിക്കുന്നത്. ജന്മനാൽ ഇരുകണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ടിരുന്നു അനന്യയ്ക്ക്.
എന്നാൽ ഒരിക്കൽപ്പോലും ആ കുറവ് അവളെ അറിയിക്കാതെ അച്ഛൻ പുഷ്പനും അമ്മ പ്രജിതയും ഒപ്പം നിന്നപ്പോൾ ഇരുൾവീണ അവളുടെ ലോകത്തിലേക്ക് സംഗീതവും കടന്നു വന്നു. അനന്യയുടെ ചേച്ചി അതുല്യയും അനിയത്തിയെ പാട്ടു പഠിപ്പിച്ച് കൂടെയുണ്ട്.
ചെറുപ്പം മുതൽ പാട്ടു കേൾക്കുന്നത് അനന്യയ്ക്ക് വലിയ ആവേശമാണെന്ന് അമ്മ പ്രജിത പറഞ്ഞു. "താരാട്ട് പാടിയാൽപോലും അവൾ വലിയ ശ്രദ്ധയോടെ കേൾക്കും. കുറച്ചു വളർന്നപ്പോൾ ചെറുതായി മൂളാൻ തുടങ്ങി. മൂന്നു മൂന്നര വയസുള്ളപ്പോൾ മുതലാണ് അനന്യ ശരിക്കും പാടാൻ തുടങ്ങുന്നത്. ആ പ്രായത്തിലും ഒട്ടുമിക്ക പാട്ടുകളുടേയും വരികൾ അവൾക്കു മനഃപാഠമാണ് എന്നത് ഞങ്ങൾക്കെല്ലാം അതിശയമായിരുന്നു'. "ഞാനും അവളുടെ അച്ഛനും പാട്ട് ആസ്വദിക്കുമെങ്കിലും പാടാറില്ല. അതുകൊണ്ടു തന്നെ മോൾക്കിത് ദൈവം നൽകിയ അനുഗ്രഹം തന്നെയാണെന്നാണ് ഞങ്ങളുടെ വിശ്വാസം.’ പ്രജിത പറഞ്ഞു.
കണ്ണൂർ വാരം യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ അനന്യ ആദ്യം തിരയുന്നത് അവൾക്കേറ്റവും പ്രിയപ്പെട്ട റേഡിയോയാണ്. പടിക്കലെത്തുന്പോൾ തന്നെ അമ്മേ റേഡിയോ എന്നു വിളിച്ചു പറയുമെന്ന് പ്രജിത പറയുന്നു. പാട്ടിനോടുള്ള ഈ ഇഷ്ടം കണ്ടിട്ടാണ് ഒരു റേഡിയോ വാങ്ങിക്കൊടുത്തത്.
ഇപ്പോൾ ഉൗണിലും ഉറക്കത്തിലുമെല്ലാം അതു കൂടെ വേണം. മോൾ വീട്ടിലുണ്ടെങ്കിൽ ഇവിടെ എപ്പോഴും പാട്ടു തന്നെയാകും. ഇപ്പോൾ രാകേഷ് ശ്രീഹരിയുടെ കീഴിൽ പാട്ട് പഠിക്കുന്നുണ്ട്. പ്രജിത പറഞ്ഞു.
അനന്യ പാട്ടു പാടുന്ന വീഡിയോയ്ക്കു താഴെ അനന്യയുടെ അധ്യാപികയായ ജിൻസി ജയിംസ് കുറിച്ച ഒരു കമന്റും ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. "കണ്ണൂർ വാരം യുപി സ്കൂളിലെ കുട്ടി അനന്യ… ഞാൻ പഠിപ്പിച്ച എന്റെ മോളാണ്… വളരെ മിടുക്കിയാണ്… നൂറു ശതമാനം കാഴ്ചവൈകല്യമുണ്ട്…എന്റെ കൈ പിടിച്ചു നോക്കി എന്നെ തിരിച്ചറിയുന്ന അദ്ഭുത ശബ്ദത്തിന് ഉടമയാണ് ഈ മോൾ… മറ്റൊരു പ്രത്യേകത, ഇംഗ്ലീഷ് പഠിക്കുവാനും പറയുവാനുമാണ് അവൾക്കിഷ്ടം. അവളുടെ ഇഷ്ടം മനസിലാക്കി പഠിക്കാൻ കൊണ്ടു പോകുന്ന സ്നേഹനിധിയായ അമ്മയും സമൂഹത്തിനു മോഡൽ ആണ്'-ടീച്ചർ കുറിച്ചു.
എത്രയും പ്രിയപ്പെട്ടവളേ… ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന കുറിപ്പോടെയാണ് ഗായിക സിത്താര അനന്യയുടെ വീഡിയോ പങ്കുവച്ചത്.
അഞ്ജലി അനിൽകുമാർ