പരിശ്രമങ്ങള്‍ക്ക് മുന്‍പില്‍ അസാധ്യമായതെന്ത്; എവറസ്റ്റിന് മുകളില്‍ ജാമി മാക് ആന്‍ഷ്
Friday, May 20, 2022 3:41 PM IST
ആഗ്രഹങ്ങളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുക എന്നത് അന്വര്‍ഥമാക്കുകയാണ് വെയില്‍സിലെ ടൊര്‍ഫീനിലെ സിഡബ്ല്യുഎം ബ്രാനിലുള്ള ജാമി മാക് ആന്‍ഷ്.
സാഹസികതയില്‍ തത്പരനായിരുന്ന ജാമി എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് തളര്‍ന്നു പോവുകയായിരുന്നു. 2014 ജനുവരി ആറിന് സാധാരണപോലെ ഉറങ്ങാന്‍ കിടന്ന ജാമി പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ അരയ്ക്ക് താഴെ തളര്‍ന്നതായി കാണാപ്പെടുകയായിരുന്നു.
വെെകാതെ സിആര്‍പിഎസ് ( കോംപ്ലക്സ് റീജിയണല്‍ പെയ്ന്‍ സിന്‍ഡ്രോം) എന്ന അസുഖവും അദ്ദേഹത്തിന് പിടിപ്പെട്ടു.
ഏറെ നാളിന് ശേഷം ഊന്നുവടിയുടെ സഹായത്തോടെ നടന്നു തുടങ്ങിയ ജാമി എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിച്ചു. അതു തന്‍റെ ബാല്യകാല സ്വപ്നമാണെന്ന് ജാമി പറഞ്ഞു. പിന്നീട് ജാമിയുടെ സ്വപ്നത്തിന് തടസ്സമായത് കോവിഡ് കാലമായിരുന്നു.
ഒടുവില്‍ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു ജാമി എവറസ്റ്റിന് മുകളില്‍ എത്തിയിരിക്കുകയാണ്. നീണ്ട 11 ദിവസത്തെ കാല്‍നട യാത്രയ്ക്കൊടുവിലാണ് ജാമി തന്‍റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേര്‍ന്നത്.
എവറസ്റ്റ് ബേസ് ക്യാമ്പില്‍ എത്തിനില്‍ക്കുമ്പോള്‍ ജാമി മാക് ആന്‍ഷിന്‍റെ ജീവിതം മറ്റള്ളവരോട് പറയുന്നത് ഇങ്ങനെയാണ് "തീവ്രമായി പരിശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല ഈ ലോകത്ത്'.