ട്രാക്കിനോടുചേര്ന്ന വാടകവീട്; ട്രെയിന്‍ നിശബ്ദത പാലിക്കുമെന്ന് ബ്രോക്കര്‍
Friday, October 27, 2023 12:56 PM IST
വന്‍ നഗരങ്ങളില്‍ ഒരുവീട് വാടകയ്ക്ക് ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മിക്കവരും ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത് ഇടനിലക്കാരെ ആകും.
വാടകവീടിനെ കുറിച്ച് പല ബ്രോക്കര്‍മാരും ആളുകളോട് വിശേഷിപ്പിക്കുന്ന വാചകങ്ങള്‍ മിക്കപ്പോഴും ചിരിപടര്ത്തുന്നതാണല്ലൊ. അത്തരത്തിലെ ഒരു സംഭവമാണിത്. സജീവ സോഷ്യല്‍ മീഡിയ ഉപയോക്താവായ സുബി മുംബെെയില്‍ ഒരു വാടകവീട് കണ്ടെത്താന്‍ ശ്രമിച്ച കാര്യമാണിത്.
അവര്‍ വീടിനായി ഒരു ബ്രോക്കറിനെ സമീപിച്ചിരുന്നു. അയാള്‍ അത് കണ്ടെത്തി നല്‍കുകയും ചെയ്തു. എന്നാല്‍ തനിക്ക് ലഭിച്ച വീട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നതായിരുന്നു. ഇക്കാര്യം യുവതി വാട്സ് ആപ്പില്‍ ബ്രോക്കറോട് സംസാരിക്കുകയാണ്.
"ലൊക്കേഷന്‍ റെയില്‍വേ ട്രാക്കിന് അടുത്താണ്; ട്രെയിനിന്റെ ശബ്ദ പ്രശ്നമൊന്നും ഇല്ലെന്ന് പ്രതീക്ഷിക്കുന്നു'എന്ന് സുബി പറയുന്നു. എന്നാല്‍ "മാം, ടെന്‍ഷന്‍ അടിക്കരുത്; ഞാന്‍ ഇവിടെയുണ്ട്.'എന്നാണ് ബ്രോക്കര്‍ മറുപടി പറഞ്ഞത്.
രസകരമായ ഈ മറുപടി ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "എല്ലാ ദിവസവും ട്രെയിനിനെ നിശബ്ദമാക്കാന്‍ ഇങ്ങേര് ട്രാക്കുകളില്‍ തലയിണകള്‍ ഇടും' എന്നാണൊരാൾ കുറിച്ചത്.