ബുവാനോസ് ആരീസ് ചിലന്തി മനുഷ്യ സംഗമം; വൈറല്‍
Wednesday, November 1, 2023 11:35 AM IST
ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒരു സൂപ്പര്‍ കഥപാത്രമാണല്ലൊ സ്പൈഡര്മാന്. എതിരാളികള്‍ക്കുനേരെ വലയെറിഞ്ഞു നന്മയെ കാത്തുപരിപാലിക്കുന്ന ഇദ്ദേഹം പ്രായഭേദമന്യേ പലരുടെയും സൂപ്പര്‍ഹീറോ ആണ്.
സ്പൈഡര്‍ മാന്‍ ചിത്രങ്ങള്‍ ബോക്സ് ഓഫീസുകളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ ലാഭമാണ് നിര്‍മാതാക്കള്‍ക്ക് സമ്മാനിക്കാറുള്ളത്.
ഇപ്പോഴിതാ ഒരുകൂട്ടം ചിലന്തി മനുഷ്യന്മാര് ഒത്തുചേര്‍ന്ന ഒരു സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസിലാണ് ഇത്തരമൊരു കാര്യം ഉണ്ടായത്.
പ്രശസ്തമായ ഒബെലിസ്ക് സ്മാരകത്തില്‍ ഏകദേശം 1,000 സ്പൈഡര്മാന് എത്തിച്ചേര്‍ന്നെന്നാണ് വെയ്പ്പ്. ലോകറിക്കാര്‍ഡ് തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ സംഗമം. യുകി ഡീന്‍ എന്നൊരു യുവാവായിരുന്നു ഇതിനു പിന്നില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് അദ്ദേഹം ആളുകളെ ഈ സംഗമത്തിലേക്ക് ക്ഷണിച്ചത്.
കഴിഞ്ഞ ജൂണ്‍ മാസം മലേഷ്യയില്‍ 685 പേര് സ്പൈഡര്മാന് വേഷം ധരിച്ച് ഒത്തുകൂടിയിരുന്നു. ഇത് റിക്കാര്‍ഡില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഈ റിക്കാര്‍ഡ് തകര്ക്കാനായിട്ടായിരുന്നു അര്‍ജന്റീനന്‍ സ്പൈഡര്‍മാര്‍ ഒത്തുകൂടിയത്.
ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് നേടുമൊ എന്ന കാര്യം വൈകാതെ അറിയാം. എന്നാലും പരിപാടി നെറ്റിസനില് ഹിറ്റായി. നിരവധിപേര്‍ ആശംസകള്‍ അറിയിച്ചു. "സ്പൈഡര്‍ മാന്‍ വസ്ത്രം തനിക്ക് ശക്തി പകരുന്ന ഒന്നാണെന്ന്' ജുവാന്‍ മെന്ചോണ് എന്ന ഫുട്ബോള്‍ പരിശീലകന് പറയുകയുണ്ടായി.