ഹാലോവീന്‍ ആഘോഷം; ഹാരി പോട്ടര്‍ കഥാപാത്രങ്ങളായി മാര്‍ക്ക് സക്കര്‍ബര്‍ഗും കുടുംബവും
Thursday, November 2, 2023 10:02 AM IST
ലോകമിങ്ങനെ ഹാലോവീന്‍ കൊണ്ടാടുകയാണല്ലൊ. വിളവെടുപ്പ് കാലത്തിന്റെ അവസാനവും ശൈത്യകാലത്തിന്റെ തുടക്കവും അടയാളപ്പെടുത്തിയ പുരാതന കെല്‍റ്റിക് ഉത്സവമായ സംഹൈനില്‍ നിന്നാണ് ഹാലോവീന്റെ ഉത്ഭവം എന്ന് വിശ്വസിക്കപ്പെടുന്നു.
മധ്യ യൂറോപില്‍ നിന്നും മറ്റിടങ്ങളിലേക്ക് പടര്‍ന്നവരാണ് കെല്റ്റിക്കുകള്. അവര്‍ മരിച്ചവരെ ബഹുമാനിക്കുന്നതിനും ദുരാത്മാക്കളില്‍ നിന്ന് രക്ഷനേടുന്നതിനുമായി നടത്തിയ ഒരു ഉത്സവമായിരുന്നു സാംഹൈന്‍. സാധാരണ ഒക്ടോബര്‍ 31ന് ആയിരുന്നു ഇത് കൊണ്ടാടുക.
ഇക്കാലത്ത് പലരും പല വേഷങ്ങളില്‍ ഹാലോവീന്‍ ആഘോഷിക്കുന്നു. പോരാഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ ഇവ പങ്കിടുകയും ചെയ്യുന്നു. സാധാരണക്കാര്‍ മാത്രമല്ല വലിയ ശതകോടീശ്വരര്പോലും ഇത്തരം ആഘോഷങ്ങളില്‍ പങ്കാളികള്‍ ആകാറുണ്ട്.
ഇപ്പോഴിതാ മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കുടുംബത്തോടൊപ്പം ഹാലോവീന്‍ കൊണ്ടാടുന്നത് നെറ്റിസണില്‍ ഹിറ്റായിരിക്കുന്നു. ഹാലോവീന്‍ ആഘോഷിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും കുടുംബവും ഹാരി പോട്ടര്‍ കഥാപാത്രങ്ങളായിട്ടാണ് വേഷമിട്ടത്.
സക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല ദമ്പതികളുടെ പെണ്മക്കളായ ചാന് ഔറേലിയ, ഓഗസ്റ്റ്, മാക്സിമ എന്നിവരാണ് വേഷമിട്ടത്.
സക്കര്‍ബര്‍ഗ് ഹാരി പോട്ടര്‍ പരമ്പരയിലെ പ്രൊഫസര്‍ ഡംബിള്‍ഡോറായി വേഷമിട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല ചാന് പ്രൊഫസര്‍ മിനര്‍വ മക്ഗൊനാഗലായി രൂപാന്തരപ്പെട്ടു. ഔറേലിയ, ഓഗസ്റ്റ്, മാക്സിമ എന്നിവര്‍ യഥാക്രമം ഡോബി, ജിന്നി വീസ്ലി, ഹെര്‍മിയോണ്‍ ഗ്രാന്ജര് എന്നിവരെപോലുള്ള രൂപത്തില്‍ എത്തി.
ചിത്രങ്ങള്‍ വൈറലായി മാറി. നിരവധി കമന്റുകള്‍ എത്തി. "നല്ല ബിസിനസുകാരന് മാത്രമല്ല നല്ല പിതാവുമാണ് അദ്ദേഹം' എന്നാണൊരാള്‍ കുറിച്ചത്.