ജീവനക്കാര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ സമ്മാനം; ഈ തേയിലത്തോട്ടം ഉടമ വേറെ ലെവല്‍
Tuesday, November 7, 2023 11:52 AM IST
കഴിഞ്ഞദിവസമാണ്, തന്റെ ജീവനക്കാര്‍ക്ക് 12 കാറുകള്‍ നല്കി ഹരിയാനയിലെ ഒരു ഫാര്‍മ കമ്പനി ഉടമ സമൂഹ മാധ്യമങ്ങളില്‍ താരമായത്. ജീവനക്കാര്‍ നിനച്ചിരിക്കാതെയാണ് മുതലാളി ഇത്തരമൊരു കാര്യം ചെയ്തത്.
തൊഴിലാളികൾക്ക് വലിയ സര്‍പ്രൈസും സന്തോഷവും ഈ പ്രവര്‍ത്തി നല്കി. അത്തരത്തിലെമറ്റൊരു സംഭവം ഇങ്ങ് തമിഴ്നാട്ടിലും അടുത്തിടെ സംഭവിച്ചു. എക്സിലെത്തിയ ദൃശ്യങ്ങളില്‍ പറയുന്നത് ഒരു തേയിലത്തോട്ടം ഉടമ തന്റെ ജീവനക്കാര്‍ക്ക് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നല്കിയ കാര്യമാണ്.
നീലഗിരി ജില്ലയിലെ കോത്തഗിരി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു തേയിലത്തോട്ടത്തിലെ തൊഴിലുടമയാണ് ദീപാവലി സമ്മാനമായി ബൈക്കുകള്‍ നല്‍കിയത്. 42 കാരനായ തൊഴിലുടമ തന്റെ ജീവനക്കാരെ എല്ലാം ദീപാവലി ആഘോഷത്തിനായി ക്ഷണിച്ചു.വിവിധ മത്സരങ്ങളും നടത്തി.
എന്നാല്‍ ഈ സമയങ്ങളിലൊന്നും തങ്ങള്‍ക്കായി ഒരുഗ്രന്‍ സര്‍പ്രൈസ് കാത്തിരിക്കുന്നെന്ന് തൊഴിലാളികള്‍ക്ക് അറിയില്ലായിരുന്നു. പരിപാടികള്‍ ഏകദേശം അവസാനിച്ച സമയത്താണ് മുതലാളി എല്ലാവര്ക്കും താക്കോല്‍ കൈയില്‍ കൊടുത്ത് അപ്പുറത്ത് പോയി നോക്കാന്‍ പറയുന്നത്.
എസ്റ്റേറ്റ് ഉടമ നല്കിയ താക്കോലുമായി എത്തിയ ജീവനക്കാര്‍ കണ്ടത് തങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്ന പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെയാണ്. അവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ദൃശ്യങ്ങളില്‍ അവര്‍ തങ്ങളുടെ സന്തോഷവും മുതലാളിയോടുള്ള കടപ്പാടും പങ്കുവയ്ക്കുന്നുണ്ട്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നു. "പല ഉടമകളും സ്വന്തം ലാഭം മാത്രം ചിന്തിക്കുമ്പോള്‍ ഇത്തരം ചിലര്‍ ജീവനക്കാര്‍ക്കായും കൂടി ചിന്തിക്കുന്നു. അത്തരം കമ്പനികള്‍ ഉയര്‍ന്നുവരട്ടെ' എന്നാണൊരാള്‍ കുറിച്ചത്.