തിരമാലകളെ കീഴടക്കി പുതിയ ഉയരത്തില്‍ ലോറ; സര്‍ഫിംഗില്‍ ഗിന്നസ് റിക്കാര്‍ഡ്
Friday, November 10, 2023 10:55 AM IST
കണ്ണെത്താദൂരത്തോളം ഇങ്ങനെ കിടക്കുന്ന സമുദ്രം മിക്കവര്‍ക്കും ദൂരക്കാഴ്ച മാത്രമാകുമ്പോള്‍ ചിലര്‍ അതില്‍ ഇറങ്ങും, സഞ്ചരിക്കും. ഇത്തരത്തില്‍ തിരമാലകളിലൂടെ ഒരു ബോര്‍ഡില്‍ ആളുകള്‍ സഞ്ചരിക്കുന്നത് നാം കാണാറില്ലെ.
സര്‍ഫിംഗ് നടത്തുകയാണവര്‍. ഇതിന് നല്ല പരിശീലനവും മനഃസാന്നിധ്യവും ആവശ്യമാണ്. ഇപ്പോഴിതാ സര്‍ഫിംഗില്‍ പുതിയ ഉയരം കണ്ടെത്തിയിരിക്കുകയാണ് ഒരു യുവതി. ഓസ്ട്രേലിയന്‍ സര്‍ഫര്‍ ലോറ എനെവര് ആണ് ഇത്തരത്തില്‍ ഗിന്നസ് റിക്കാര്‍ഡില്‍ ഇടംനേടിയിരിക്കുന്നത്.
ലോറ 43.6 അടി ഉയരത്തിലെ തിരമാലയുടെ മുകളിലാണ് സര്‍ഫിംഗ് നടത്തി റിക്കാര്‍ഡ് തീര്‍ത്തത്. ഹവായിയിലെ ഒവാഹുവിന്റെ വടക്കന്‍ തീരത്തുള്ള ഔട്ടര്‍ റീഫില്‍ ആണ് അവര്‍ ഈ അതുല്യപ്രകടനം നടത്തിയത്.
വേള്‍ഡ് സര്‍ഫ് ലീഗും ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതരും ഈ ദൂരം അളന്ന് തിട്ടപ്പെടുത്തി. സര്‍ഫിംഗില്‍ 2016ല്‍ ആന്‍ഡ്രിയ മോളര്‍ സ്ഥാപിച്ച 12.2 മീറ്ററെന്ന റിക്കാര്‍ഡാണ് 13.3 മീറ്ററായി ലോറ തിരുത്തിയത്. നിരവധിപേര്‍ ലോറയെ സമൂഹ മാധ്യമങ്ങള്‍ വഴി അഭിനന്ദിച്ചു.
പുരുഷന്മാരുടെ സര്‍ഫിംഗില്‍ റിക്കാര്‍ഡ് അമേരിക്കന്‍ സര്‍ഫര്‍ ആരോണ്‍ ഗോള്‍ഡിനാണ്. 2016-ല്‍ ഹവായിയിലെ ജാവ്സിൽ 19.2 മീറ്റര്‍ തിരമാലയില്‍ അദ്ദേഹം സഞ്ചരിച്ചു. ഈ റിക്കാര്‍ഡ് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.