ഹെല്മെറ്റിനോടു വേണം ‘കാതല്‍’; കുറിപ്പുമായി കേരള പോലീസ്
Monday, November 27, 2023 12:33 PM IST
മലയാള സിനിമയിലെ പുതിയ തരംഗമായ ‘കാതല്‍’ എന്ന സിനിമയെ അടിസ്ഥാനമാക്കി ബോധവല്കരണത്തിനു ശ്രമിക്കുകയാണ് കേരള പോലീസ്. ‘ഇരുചക്ര വാഹനം ഓടിക്കുന്പോൾ ഹെൽമെറ്റിനോടു വേണം കാതൽ’ എന്ന കുറിപ്പ് കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിൽ വൈറലായി.
ഹെൽമെറ്റ് എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവർ ഉണ്ടെന്നും പോലീസിന്റെ കൈയിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഹെൽമെറ്റ് ധരിക്കേണ്ടതെന്നും കുറിപ്പിൽ പറയുന്നു.
ഹെൽമെറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും കുറിപ്പിലുണ്ട്. ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ യാത്രക്കാരുടെ തലയ്ക്കാണു ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്.
ഹെൽമെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള "ഷോക് അബ്സോർബിംഗ് ലെെനിംഗ്' അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരിക്കുപറ്റാതെയും സംരക്ഷിക്കുന്നു.
ഗുണനിലവാരമുള്ളതും ശിരസിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെൽമെറ്റ് വാങ്ങുക. ഫേസ് ഷീൽഡ് ഉളളതുതന്നെ വാങ്ങാൻ ശ്രമിക്കുക. വില കുറഞ്ഞ ഹെൽമെറ്റ് സുരക്ഷിതമല്ലെന്ന് ഓർക്കുക എന്നും കുറിപ്പിൽ പറയുന്നു.