ലോകത്തിലെ ഏറ്റവും വലിയ ഗ്രില്‍ഡ് ചീസ് സാന്ഡ്വിച്ച്; യൂട്യൂബേഴ്സ് വക
Thursday, November 30, 2023 10:12 AM IST
ഗ്രില്‍ഡ് ചീസ് സാന്ഡ്വിച്ച് ജനപ്രിയമായ ഒന്നാണ്. ഗ്രില്‍ ചെയ്ത ബ്രെഡിനൊപ്പം പാല്‍ക്കട്ടിയും ചേര്‍ത്ത ഈ ഭക്ഷണം രുചിക്കാന്‍ കൊതിക്കുന്ന ഏറെപ്പേരുണ്ട്.
അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ ഗ്രില്‍ഡ് ചീസ് സാന്ഡ്വിച്ച് നിര്‍മിച്ച് യുഎസിലെ രണ്ട് വ്ളോഗര്‍മാര്‍ ഗിന്നസ് റിക്കാര്‍ഡ് തീര്‍ത്തു. യൂട്യൂബര്‍മാരായ എക്സോഡസും ഇഗി ചൗധരിയുമാണ് ഇത്തരത്തിൽ വാര്‍ത്തയിലിടം നേടിയത്.
തങ്ങളുടെ യൂട്യൂബ് ചാനല്‍ ഒരുലക്ഷം സബ്സ്ക്രൈബര്മാരിലെത്തിയത് ആഘോഷിക്കുന്നതിനായിട്ടാണ് ഇവര്‍ ഈ ഭീമന് സാന്ഡ്വിച്ച് ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ പിസയുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഇരുവര്‍ക്കും ഇത്തരത്തിലൊരു ഐഡിയ തോന്നിയത്.
ഏകദേശം 189.9 കിലോഗ്രാം ഭാരമുള്ള വലിയ സാന്ഡ്വിച്ച് ആണ് ഇവര്‍ ഒരുക്കിയത്.1.89 മീറ്റര്‍ വീതിയും 3.32 മീറ്റര്‍ നീളവും ഏഴ് സെന്റീമീറ്റര്‍ കനവുമുള്ളതായിരുന്നു ഈ സാന്ഡ്വിച്ച്. ഇതുണ്ടാക്കാനായി ഫോക്കാസിയ ബ്രെഡാണ് ഇവര്‍ തെരഞ്ഞെടുത്തത്.
ഈ നേട്ടം കൈവരിക്കാന്‍ മാതാപിതാക്കളും അയല്‍വാസികളും കൂട്ടുകാരും അവരെ സഹായിച്ചു.
ഇതിന് മുമ്പ് ഏറ്റവും വേഗത്തില്‍ സാന്ഡ്വിച്ച് ഉണ്ടാക്കിയ ലോക റിക്കാര്‍ഡ് രണ്ട് ജര്‍മന്‍കാരുടെ പേരിലായിരുന്നു. എന്തായാലും ഈ റിക്കാര്‍ഡ് നേട്ടം തങ്ങളുടെ യൂട്യൂബ് ചാനലിന്റെ വളര്‍ച്ചയ്ക്കും ഗുണംചെയ്യും എന്ന സന്തോഷത്തിലാണ് എക്സോഡസും ഇഗിയും.