"രക്ഷകനെ വരവേല്‍ക്കാന്‍ അവരൊരുങ്ങി'; 250 നക്ഷത്രങ്ങളാല്‍ അലംകൃതമായ ഒരു ദേവാലയം
Friday, December 1, 2023 4:28 PM IST
ലോകമെങ്ങും കൊണ്ടാടുന്ന ഒന്നാണല്ലൊ ക്രിസ്മസ്. ദൈവപുത്രന്റെ തിരുപ്പിറവി നിമിത്തം സകലര്‍ക്കും ശാന്തിയും സമാധാനവും കൈവന്നിരിക്കുന്നു എന്ന സദ്വര്‍ത്തമാനം കൂടിയാണ് ഓരോ ക്രിസ്മസ് കാലവും പറയുന്നത്.
ഈ മഹാസന്തോഷം പ്രാര്‍ഥനയില്‍ ഒത്തുകൂടിയും വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രവിളക്കുകള്‍ തെളിച്ചും ജനങ്ങള്‍ കൊണ്ടാടുന്നു. ഇത്തവണയും അതിനുമാറ്റമില്ല. മഞ്ഞില്‍ പൊതിഞ്ഞ ഡിസംബര്‍ ഒന്നുമുഖമുയര്ത്തുമ്പോഴേക്കും വിശ്വാസികള്‍ വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങളാല്‍ തങ്ങളുടെ ഭവനവും ആരാധനാലയവുമൊക്കെ അലങ്കരിച്ചു തുടങ്ങി.
കോതമംഗലം രൂപതയിൽ ഉൾപ്പെട്ട ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ വികാരി ഫാ. ജോർജ് മാറപ്പിള്ളിലും കെസിവൈഎം അംഗങ്ങളും ചേർന്ന് ദേവാലയം അലങ്കരിച്ചത് ഏറെ സവിശേഷകരമായ രീതിയിലാണ്. 250-ല്‍ പരം നക്ഷത്രങ്ങളാലാണ് യുവജനങ്ങൾ തങ്ങളുടെ ദൈവാലയത്തിന്റെ ചത്വരത്തെ ഒരുക്കിയത്.
പഠനവും ജോലിയും കഴിഞ്ഞുള്ള സമയങ്ങളാണ് അവര്‍ ദേവാലയം അലങ്കരിക്കുന്നതിനായി വിനിയോഗിച്ചത്. ഏതാണ്ട് മൂന്നാഴ്ചയോളം നടത്തിയ പരിശ്രമത്തിലൂടെയാണ് ഈ അതിമനോഹര കാഴ്ച അവര്‍ ഒരുക്കിയത്.
ഈ ഡിസംബറിന്റെ രാവില്‍ വെളുത്ത പൂക്കള്‍ പോലെ വെളിച്ചം ആ പള്ളിമുറ്റത്തു തെളിഞ്ഞു നില്‍ക്കുകയാണ്. ഏറെ നക്ഷത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഈ പള്ളിമുറ്റം കാഴ്ചക്കാരുടെ മനസിലും വലിയൊരു സന്തോഷം ജനിപ്പിക്കുകയാണ്...