ഒരുദിവസത്തിനുള്ളില്‍ 99 ബാറുകളില്കയറി കുടിച്ച് റിക്കാര്‍ഡിട്ട് സുഹൃത്തുക്കള്‍
Monday, December 4, 2023 3:13 PM IST
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നത് കേള്‍ക്കാത്തവരും കാണാത്തവരും കുറവായിരിക്കും. എന്നിട്ടും നമ്മുടെ നാട്ടില്‍ ഉത്സവകാലങ്ങളില്‍ റിക്കാര്‍ഡ് മദ്യവില്പനയാണുണ്ടാവാറുള്ളത്.
ആഘോഷമെന്നാല്‍ മദ്യപാനം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇത് സമൂഹത്തിനത്ര നല്ലതല്ല.
എന്നാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള രണ്ടു സുഹൃത്തുക്കളുടെ മദ്യപാനവും തന്മൂലമുള്ള റിക്കാര്ഡുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഹാരി കൂറോസും ജേക്ക് ലോയിറ്റെര്ട്ടണും ആണ് ഈ കൂട്ടുകാര്‍.
സിഡ്നിയില്‍ നിന്നുള്ള ഇവര്‍ 24 മണിക്കൂറിനുള്ളില്‍ 99 ബാറുകളില്‍ കയറി മദ്യപിച്ചാണ് ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചത്. അര്‍ധരാത്രി 12നുശേഷമാണ് ഇവര്‍ "ബാര്‍ കയറല്‍' ആരംഭിച്ചത്. കഴിയുന്നത്ര വേഗത്തില്‍ ബാറുകള്‍ അവര്‍ കയറി ഇറങ്ങി.
ആദ്യം ഒന്നിടവിട്ട ബാറുകളില്‍ നിന്നും മദ്യവും ജ്യൂസും മാറിമാറി കുടിക്കാന്‍ ആയിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ പദ്ധതി മദ്യപാനത്തിലേക്ക് മാത്രമായി പിന്നീട് മാറ്റി. മദ്യപാനം നിമിത്തം വാഹനങ്ങള്‍ ഒന്നും ഇവര്‍ ഉപയോഗിച്ചുമില്ല.
ഇടയില്‍ രാവിലെ ഒമ്പതുവരെ ഇവര്‍ വിശ്രമിച്ചു. പിന്നീട് ബാറും പബ്ബിലുമൊക്കെ കയറി കുടി തുടങ്ങി. ഇരുവരും ഒരുമിച്ചാണ് ഈ 99 ബാറിലും കയറി ഇറങ്ങിത്. ഒടുവില്‍ ഗിന്നസ് നേട്ടവും ഒരുമിച്ച് നേടി.
ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റ്റിച്ച് ഡിവില്ലിയേഴ്സിന്റെ 78 ബാര്‍ എന്ന റിക്കാര്‍ഡ് ആണ് ഇവര്‍ പഴങ്കഥയാക്കിയത്.
എംഎസ് ഓസ്ട്രേലിയ എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനായി പണം സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്നതിനൊപ്പം സിഡ്നിയിലെ രാത്രി ജീവിതത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമാണ് തങ്ങളുടെ പ്രവര്‍ത്തനത്തിന് പിന്നിലെ കാരണം എന്നാണ് ഈ സുഹൃത്തുക്കള്‍ പറയുന്നത്.
എന്നാല്‍ ഇവരെ അഭിനന്ദിക്കണൊ ഉപദേശിക്കണൊ എന്ന ആശയക്കുഴപ്പത്തിലാണ് നെറ്റിസണ് ഇപ്പോൾ.