സാരി ധരിച്ച് 42.5 കിലോമീറ്റര്‍ ഓട്ടം; യുകെ മാരത്തണില്‍ താരമായി ഒരിന്ത്യക്കാരി
Wednesday, April 19, 2023 11:23 AM IST
നമ്മുടെ നാട്ടിലെ സര്‍വ സാധാരണമായ ഒരു വേഷവിധാനമാണല്ലൊ സാരി. അതിപ്പോള്‍ തെക്കായാലും വടക്കായാലും ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതല്‍ കാണപ്പെടുന്നത് ഈ വേഷത്തിലാണ്.
എന്നാല്‍ ഈ സാരി മൂലം താരമായിരിക്കുകയാണ് ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യക്കാരിയിപ്പോൾ. അതിന് കാരണം മാരത്തണ്‍ മത്സരത്തിലാണ് ഇവര്‍ സാരിയുടുത്തത് എന്നതാണ്. ഒഡീഷയില്‍ നിന്നുള്ള മധുസ്മിത ജെന ദാസ് എന്ന യുവതിയാണ് ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച മാഞ്ചസ്റ്ററില്‍ 42.5 കിലോമീറ്റര്‍ മാരത്തണിലാണ് മധുസ്മിത സംബല്‍പുരി കൈത്തറി സാരി ധരിച്ച് പങ്കെടുത്തത്. മാത്രമല്ല മനോഹരമായ ചുവന്ന സാരിയും ഓറഞ്ച് സ്നീക്കേഴ്സും ധരിച്ച ഈ 41 കാരി നാല് മണിക്കൂറും 50 മിനിറ്റും കൊണ്ട് മാരത്തണ്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇതിനുമുമ്പും പല മാരത്തണ്‍ മത്സരങ്ങളില്‍ മധുസ്മിത പങ്കെടുത്തിട്ടുെണ്ടങ്കിലും ഈ വേറിട്ട ഓട്ടം നിമിത്തം വൈറലായി മാറിയിരിക്കുകയാണ്. സാരിയില്‍ ഓടുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണല്ലൊ.
ഭാരതത്തിന്റെ സംസ്കാരം ലോകത്തിന് മുന്നില്‍ എത്തിച്ച മത്സരാര്‍ഥിക്ക് പലരും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. എന്നാല്‍ വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണെന്നും അതിനെ വളച്ചൊടിക്കരുതെന്നും ചിലര്‍ ചില കമന്റുകളെ വിമര്ശിച്ചുപറഞ്ഞു.