സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ആസാം പോലീസിന്റെ നൂതന ട്വീറ്റ് വൈറല്‍
Thursday, May 11, 2023 12:10 PM IST
സൈബര്‍ ലോകം ഏറെ ഉപകാരപ്രദമായ കാര്യങ്ങള്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമൊക്കെ നല്‍കാറുണ്ട്. എന്നാല്‍ ധാരാളം ചതികള്‍ക്കും ഇവ കാരണമാകാറുണ്ട്. സൈബര്‍ ഫിഷിംഗ് പോലുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുന്ന കാലമാണല്ലൊ.
മിക്കപ്പോഴും അജ്ഞത നിമിത്തമൊ കൗതുകം നിമിത്തമൊ ഒക്കെയാകാം ആളുകളുകൾ ഇത്തരത്തില്‍ കുഴപ്പത്തില്പ്പെടുന്നത്. ഇത്തരത്തിലുള്ള കുഴപ്പങ്ങളിലേക്ക് ജനങ്ങള്‍ ചാടാതിരിക്കാനായി ഒരു വേറിട്ട മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആസാം പോലീസ്.
അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വേറിട്ട ഉപദേശം. ട്വിറ്ററില്‍ പോലീസ് അവരുടെ ലോഗോയ്ക്കൊപ്പം നീലാകാശത്തിന്റെ ചിത്രവും അതിന് താഴെ ഇടത് കോണിലായി ഓള്‍ട്ട് ബാഡ്ജിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന അമ്പടയാളവും പങ്കിട്ടു.
ഈ ഓള്ട്ടില് ക്ലിക്കുചെയ്യുമ്പോള്‍ ഒരു ഇമേജ് വിവരണം ദൃശ്യമാകുന്നു. മാത്രമല്ല ആലോചിക്കാതെ ക്രമരഹിതമായ ലിങ്കുകളില്‍ ക്ലിക്കുചെയ്യരുതെന്നും സൈബര്‍ ലോകത്ത് സുരക്ഷിതമായി തുടരണമെന്നും പോലീസ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
ഏതായലും വേറിട്ട ഈ മുന്നറിയിപ്പ് നെറ്റിസണ് നന്നേ ബോധിച്ചു. നിരവധിപേര്‍ ആസാം പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി. "ഏറെ ഉപകാരപ്രദമായ സന്ദേശം; അഭിനന്ദനം' എന്നാണൊരാള്‍ കുറിച്ചത്.