ഒറ്റ പ്രസവത്തില്‍ 11 നായ്ക്കുട്ടികള്‍; ലോകറിക്കാര്‍ഡിട്ട് "വിന്നി മമ്മി'
Tuesday, October 10, 2023 12:22 PM IST
ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ എന്നുകേള്‍ക്കുമ്പോഴെ ആളുകള്‍ക്ക് സന്തോഷത്തിനൊപ്പം കൗതുകവും തോന്നും. അതിപ്പോള്‍ മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലായാലും തോന്നും.
എന്നാല്‍ ഒരൊറ്റ പ്രസവത്തില്‍ 11 കുഞ്ഞുങ്ങള്‍ എന്നുകേട്ടാല്‍ ആരും ഒന്ന് ഞെട്ടില്ലെ. അത്തരം ഒരു സംഭവമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കഴിഞ്ഞദിവസം എത്തിയത്.
സംഭവം അങ്ങ് യുകെയിലാണ്. അവിടുള്ള റെയ്മ ജോണ്‍സ് എന്ന 23 വയസുകാരിക്ക് ഡാഷ്ഹണ്ട് ഇനത്തിലുള്ള ഒരുനായയുണ്ട്. വിന്നി എന്നാണ് അതിന്റെ പേര്. ഗര്‍ഭിണിയായിരുന്ന വിന്നി കഴിഞ്ഞദിവസം രാത്രി പ്രസവിക്കുകയുണ്ടായി.
ഒന്നും രണ്ടുമല്ല 11 കുട്ടികള്‍ക്കാണ് വിന്നി ജന്മം നല്‍കിയത്. 10 കുട്ടികളെ വിന്നി പ്രസവിക്കുന്നതുവരെ റെയ്മ നായയെ പരിചരിച്ചു. പ്രസവം കഴിഞ്ഞു എന്നും കരുതി ഉറങ്ങാനും പോയി.
എന്നാല്‍ രാവിലെ വിന്നിക്ക് അടുത്തെത്തിയ റെയ്മ ശരിക്കും ഞെട്ടി. കാരണം വിന്നി 11മത് ഒരുകുട്ടിയെക്കൂടി പ്രസവിച്ചിരുന്നു. ഇതൊരു റിക്കാര്‍ഡ് ആണെന്ന് റെയ്മ പിന്നീട് മനസിലാക്കി.
2021-ല്‍ ലിങ്കണില്‍ ഒരു ഡാഷ്ഹണ്ട് നായയ്ക്ക് 10 കുട്ടികള്‍ ജനിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. എന്തായാലും 11 കുട്ടികളെയും താന്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റെയ്മ പറയുന്നു.
നായപ്രേമികള്‍ക്ക് കുട്ടികളെ വില്‍ക്കാനാണ് തന്റെ ഉദ്ദേശ്യമെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതൊന്നും അറിയാതെ 11 മക്കളുമായി വിന്നി മമ്മി റെയ്മയ്ക്ക് അരികിലുണ്ട്...