ബില്ല് കിട്ടുമ്പോള്‍ ഹാര്‍ട്ട്അറ്റാക്ക് നാടകം; അവസാനം പൊളിഞ്ഞു
Thursday, October 19, 2023 11:19 AM IST
ചില വിരുതന്മാരുണ്ട് കാശ് കൈയില്‍ ഉണ്ടെങ്കിലും കടക്കാരെ പറ്റിക്കും. ചിലര്‍ക്കത് ഹരമായി മാറും. പലരും ഭക്ഷണശാലകളിലാണ് ഇത്തരം പയറ്റുകള്‍ നടത്താറുള്ളത്.
ഉദ്യമം പരാജയപ്പെട്ട് അടുക്കള കഴുകിയവരും മാവ് ആട്ടിയവരും ഈ തട്ടിപ്പ് ചരിത്രത്തിലുണ്ട്. പണ്ടുള്ളവരുടെ സ്ഥിരം ആയുധമായിരുന്നു "ആഹാരത്തിലെ ചത്ത പാറ്റ/ പല്ലി'. പക്ഷേ സ്ഥിരം പാറ്റാ പരിപാടിയായപ്പോള്‍ സംഗതി പൊളിഞ്ഞു.
അത്തരത്തിലുള്ള ഒരു വിദേശവേര്ഷന് ഹോട്ടല്‍ കാര്യമാണിത്. ഇക്കാര്യം അങ്ങ് ദൂരേ സ്പെയിനില്‍ ആണ്.
അവിടെ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാന്‍ ഒരു 50 വയസുകാരന് എത്തി. ആള് മൂക്കുമുട്ടെ കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് റസ്റ്റോറന്റിലെ ജീവനക്കാര്‍ 37 ഡോളറിന്റെ ബില്ല് ഹാജരാക്കിയപ്പോള്‍ ആള് നൈസായി മുങ്ങാന്‍ ശ്രമിച്ചു.
ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് ഇയാളെ തടഞ്ഞു. തന്റെ മുറിയില്‍ നിന്ന് പണം വാങ്ങാന്‍ പോകുകയാണെന്ന് തട്ടിപ്പ് നടത്തിയയാള്‍ അവകാശപ്പെട്ടെങ്കിലും ജീവനക്കാര്‍ പോകാന്‍ അനുവദിച്ചില്ല.
പ്രശ്നം വഷളാകാൻ തുടങ്ങിയതോടെ ഇദ്ദേഹം ഹൃദയാഘാതം വന്നതായി ഭാവിച്ച് നിലത്തിരുന്നു. പിന്നീട് ഈ അഭിനയ സിംഹം "ഹൃദയാഘാതത്തില്‍' അങ്ങ് ജീവിച്ചുകളഞ്ഞു. വേദനകൊണ്ട് പുളയുന്നതിനിടയിലും അദ്ദേഹം ആംബുലന്‍സ് വിളിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.
പക്ഷേ ജീവനക്കാര്‍ അഭിനയത്തിന് "ആക്ഷനും കട്ടും' പറയുന്നവരായിരുന്നു. അവര്‍ ആംബുലന്‍സിന് പകരം പോലീസിനെ വിളിച്ചു. മാത്രമല്ല ടിയാന്റെ ചിത്രം പകര്‍ത്തി മറ്റ് റെസ്റ്റോറന്റുകളിലേക്ക് അയച്ചു.
അവരില്‍ പലരും ഇയാളെ തിരിച്ചറിച്ചു. ഏതാണ്ട് 20 റെസ്റ്റോറന്റുകളില്‍ ഇയാള്‍ ഇത്തരത്തില്‍ വ്യാജ ഹൃദയാഘാതം നടത്തിയിട്ടുണ്ടത്രെ. അതോടെ ആംബുലന്‍സിന്റെ സൈറണ്‍ കാത്തുകിടന്ന ഇദ്ദേഹത്തിന്റെ അടുത്തേക്ക് പോലീസിന്റെ മുഴക്കമാണ് എത്തിയത്. അവര്‍ ഇയാളെ അറസ്റ്റുചെയ്തു.
സംഭവം നെറ്റിസണിലും ചര്‍ച്ചയായി. നിരവധിപേര്‍ കമന്റുകള്‍ പങ്കുവച്ചു. "തട്ടിപ്പുകാരുടെ ശ്രദ്ധയ്ക്ക് ശൈലി ആവര്‍ത്തനം ആപത്ത്' എന്നാണൊരാള്‍ കുറിച്ചത്.