എഐ കാമറയില്‍ പതിഞ്ഞത് "ഇല്ലാത്ത സ്ത്രീ'; കാറിനുള്ളില്‍ പ്രേതമെന്ന് സോഷ്യല്‍ മീഡിയ
Saturday, November 4, 2023 12:40 PM IST
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറ നമ്മുടെ നിരത്തുകളെ അടക്കിവാഴുകയാണല്ലൊ. ഒന്നു പാഞ്ഞുപോയാലൊ സീറ്റ് ബെല്‍റ്റ് മറന്നാലൊ ആകെ കുഴയും. പിഴ വൈകാതെ കൈകളിലെത്തും.
എന്നാല്‍ പിഴയില്‍ എഐയ്ക്ക് പിഴച്ച ചില സംഭവങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നിരുന്നാലും ഇത്തരം കാമറകളുടെ വരവ് അപകടങ്ങള്‍ കുറച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
ഇപ്പോഴിതാ ഒരു എഐ കാമറയില്‍ പതിഞ്ഞ സ്ത്രീയാണ് സമൂഹ മാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യന് സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ എഐയുടെ ചലാന്‍ ലഭിച്ചിരുന്നു.
എന്നാല്‍ ചലാനിലെ ചിത്രത്തില്‍ ഇദ്ദേഹത്തിന്റെ കാറില്‍ അന്ന് ഉണ്ടായിരന്നവരെ കൂടാതെ ഒരു സ്ത്രീയുടെ ചിത്രം കൂടിത്തെളിഞ്ഞു. പയ്യന്നൂരില്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറയിലാണത്രെ ഇത്തരത്തില്‍ ഡ്രെെവര്‍ക്ക് പിന്‍സീറ്റിലായി ഇല്ലാത്ത ഒരു സ്ത്രീയുടെ രൂപംകൂടി തെളിഞ്ഞത്.
കാറിന്റെ പിന്‍സീറ്റില്‍ രണ്ട് കുട്ടികളുമുണ്ടായിരുന്നു. എന്നാല്‍ എഐ ചിത്രത്തില്‍ ഈ കുട്ടികളില്ലാതാനും. ചിത്രം കണ്ട് ആകെ അമ്പരന്നിരിക്കുകയാണ് ആദിത്യനും മറ്റുള്ളവരും. ഈ ചിത്രം എങ്ങനെ എത്തി എന്നതിന് ഒരുത്തരം തപ്പുകയാണ് മോട്ടോര്‍ വകുപ്പ്.
മുന്‍സീറ്റില്‍ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്. അല്ലെങ്കില്‍ എഐ കാമറ പകര്‍ത്തിയ മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുകൊണ്ട് പതിഞ്ഞതുമാകാം എന്നും കരുതുന്നു.
സമൂഹ മാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായി മാറി. പ്രേതം ആണ് അതെന്നാണ് പലരും പറയുന്നത്. അടുത്തിടെ പ്രദേശത്ത് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണിതെന്ന രീതിയില്‍ വ്യാജപ്രചരണവും നടക്കുന്നുണ്ടത്രെ.
എന്തായാലും സത്യമറിയാനുള്ള കാത്തിരിപ്പിലാണ് ഈ വിവരം അറിഞ്ഞവരൊക്കെ.