അന്പോ, ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ചുവർഷം ജയിലിൽ
Wednesday, November 8, 2023 11:36 AM IST
നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്കാറുണ്ടോ? സമ്മാനങ്ങൾ നൽകാറുണ്ടോ? നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽ സൂക്ഷിച്ചോളൂ.അകത്തുകിടക്കേണ്ടിവരും.
ഇതൊന്നും ഇന്ത്യയിലല്ല കേട്ടോ. ഭാര്യയുടെ ജന്മദിനം മറന്നുപോകുന്ന ഭർത്താവിനെ നിയമത്തിന്റെ മുന്പിലെത്തിക്കുകയും ശിക്ഷ നൽകുകയും ചെയ്യുന്ന ആ രാജ്യം പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവ ആണ്.
ഭാര്യയുടെ ജന്മദിനം മറന്നുപോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷമാണ് അവിടെ തടവുശിക്ഷ. ഇതിൽ ഭർത്താവിന്റെ പ്രായമൊന്നും പ്രശ്നമല്ല.
ഭാര്യയുടെ ജന്മദിനം മറക്കുന്നത് ആദ്യമായിട്ടാണെങ്കിൽ ഭർത്താവിനു മുന്നറിയിപ്പു നൽകും. രണ്ടാംതവണയും ഇതാവർത്തിച്ചാൽ ഭർത്താവിനു പിഴയോ, തടവുശിക്ഷയോ വിധിക്കാം. അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാം.
ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമോവയിൽ പ്രത്യേക സംഘമുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുമായി മുന്നോട്ടുപോകുന്നത്. ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്യും.
മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമായ നിയമവാഴ്ചയുള്ള രാജ്യമാണ് സമോവ. വളരെ കർശനമായ നിയമങ്ങൾ നിലവിലുള്ള കൊച്ചു ദ്വീപ് രാഷ്ട്രം. നിസാരമെന്നു തോന്നാവുന്ന പല കാര്യങ്ങളും ഇവിടെ വലിയ കുറ്റകൃത്യമാണ്.