ഏരിയല്‍; കൗതുകം ജനിപ്പിക്കുന്ന ആറ് കാലുള്ള നായ്ക്കുട്ടി
Wednesday, November 8, 2023 3:04 PM IST
സാധാരണയായി മൃഗങ്ങളെ നാല്ക്കാലികള് എന്ന് നമ്മള് പറയാറുണ്ടല്ലൊ. എന്നാല്‍ അടുത്തിടെ യുകെയില്‍ കണ്ടെത്തിയ ഒരു നായ്ക്കുട്ടി ഈ പേരൊന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. ആളുകളില്‍ കൗതുകം സൃഷ്ടിക്കുന്ന ഈ നായ്ക്കുട്ടിയുടെ പേര് ഏരിയല്‍ എന്നാണ്.
ഗാര്ഡന് സ്റ്റോര്‍ ചെയിന്‍ ലൊക്കേഷനിലെ പാര്‍ക്കിംഗ് ലോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ നായ്ക്കുട്ടിയെ യുകെയിലെ മൃഗസംരക്ഷണ കേന്ദ്രമായ ഗ്രീനെക്കേഴ്സ് റെസ്ക്യൂ ആണ് കണ്ടെത്തിയത്. അവരാണ് ലിറ്റില്‍ മെര്‍മെയ്ഡ് കഥാപാത്രത്തിന്റെ പേരില്‍ ഈ നായ്ക്കുട്ടിയെ വിളിച്ചത്.
മൃഗഡോക്ടര്‍മാരുമായി ഗ്രീനെക്കേഴ്സ് റെസ്ക്യൂ അധികൃതര്‍ സംസാരിക്കുകയുണ്ടായി. ശസ്ത്രക്രിയയിലൂടെ ഈ നായ്ക്കുട്ടിയെ സാധാരണ പോലെ ആക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.
നായ്ക്കുട്ടിയുടെ ഉടമയെ കണ്ടെത്താനും അവര്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും ആറു കാലുകളുള്ള ഏരിയല്‍ സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ കൗതുകമായിരിക്കുകയാണ്.