പല്ലുകളാല്‍ സമ്പന്നം; ഇന്ത്യന്‍ വനിതയ്ക്ക് ഗിന്നസ് റിക്കാര്‍ഡ്
Wednesday, November 22, 2023 3:37 PM IST
"നിന്റെ പല്ലടിച്ച് വായിലിടും', "പോയി പല്ലു തേക്കടാ' എന്നിങ്ങനെയുള്ള വാചകങ്ങള്‍ കേള്‍ക്കാത്തവര്‍ നന്നേ കുറവായിരിക്കും. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള ഭാഗങ്ങളില്‍ മുന്‍പന്തിയിലുള്ള ഈ പല്ലുകള്‍ എത്ര കേമൻമാരാണെന്ന് എടുത്ത് പറയേണ്ടല്ലൊ.
സാധാരണ വല്ലോം കഴിക്കുമ്പോഴും വേദനിക്കുമ്പോഴും മാത്രമാകും നാം സ്വന്തം പല്ലുകളെ കുറിച്ച് ആലോചിക്കുക. എന്നാല്‍ ഈ പല്ലുകള്‍ പ്രശസ്തിയും തരുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരി.
കല്പന ബാലന് എന്നാണ് ഈ യുവതിയുടെ പേര്. ഈ 26 കാരിക്ക് 38 പല്ലുകള്‍ ഉണ്ടത്രെ. ദന്തഡോക്ടറെ കണ്ടിത് പറിച്ചുകളയാന്‍ ആയിരുന്നു ആദ്യം പ്ലാനിട്ടത്. കാരണം അധിക പല്ലുകള്‍ക്കിടയില്‍ പലപ്പോഴും കുടുങ്ങിപ്പോയതിനാല്‍ ഭക്ഷണം കഴിക്കുന്നതില്‍ അവള് വെല്ലുവിളികള്‍ നേരിട്ടു.
പക്ഷേ പല്ലുകള്‍ പൂര്‍ണവളര്‍ച്ച എത്താതെ നീക്കം ചെയ്യാന്‍ ആകില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. അതോടെ പല്ലുകള്‍ നിലനിറുത്താന്‍ കല്പന തീരുമാനിച്ചു. ഈ പല്ലുകള്‍ വേറെ വേദനകളൊന്നും നല്‍കിയിരുന്നില്ല.
പിന്നീടാണ് ഇതൊരു റിക്കാര്‍ഡ് ആണെന്ന കാര്യം യുവതി ചിന്തിച്ചത്. അങ്ങനെ അധികൃതരെ അറിയിക്കുകയും റിക്കാര്ഡിനുടമയാവുകയും ചെയ്തു. എന്തായാലും ഈ അപൂര്‍വ റിക്കാര്‍ഡില്‍ അവരെ അഭിനന്ദിക്കുകയാണ് നെറ്റിസണ്.
ഏറ്റവും കൂടുതല്‍ പല്ലുകളുള്ള പുരുഷനെന്ന റിക്കാര്‍ഡ് കാനഡയില്‍ നിന്നുള്ള ഇവാനോ മെലോണാണിനാണ്. അദ്ദേഹത്തിന് ആകെ 41 പല്ലുകളുണ്ട്.