ഏകദേശം ഇരുപതിനായിരം വര്‍ഷം പഴക്കമുള്ള ഒരു ലോക്കറ്റിന്‍റെ പിന്നാലെയുള്ള അന്വേഷണത്തിലാണ് ജർമൻ ശാസ്ത്രജ്ഞർ. ലീപ്സിഗിലുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇവല്യൂഷണറി ആന്ത്രപോളജിയിലെ ഗവേഷകസംഘത്തിന്‍റെ മുന്നിൽ ചരിത്രത്തിന്‍റെ മഹാജാലകങ്ങളാണ് ആ ലോക്കറ്റ് തുറന്നിട്ടത്.

പുരാതന ലോക്കറ്റ് ധരിച്ചിരുന്ന ആളുടെ വിവരങ്ങളാണ് അവർ തേടിയത്. അതിൽ വിജയിക്കുകയും ചെയ്തു ഗവേഷകർ! സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍നിന്നാണ് മ്ലാവിന്‍റെ പല്ലുകൊണ്ടു രൂപകല്‍പ്പന ചെയ്ത ലോക്കറ്റ് ഗവേഷകര്‍ കണ്ടെത്തുന്നത്.

നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിഎന്‍എ വേര്‍തിരിച്ച ഗവേഷകര്‍, ലോക്കറ്റിന്‍റെ ഉടമ സ്ത്രീയാണെന്നു കണ്ടെത്തി. 19,000-25,000 വര്‍ഷം മുമ്പു ജീവിച്ചിരുന്ന അവർ വടക്കേ യുറേഷ്യന്‍ വംശത്തില്‍പ്പെട്ട വനിതയാണെന്നു ഗവേഷകർ അനുമാനിക്കുന്നു.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഗവേഷണമെന്നു ശാസ്ത്രസംഘം വെളിപ്പെടുത്തി. ലോക്കറ്റില്‍ പുരണ്ടിരുന്ന വിയര്‍പ്പ്, രക്തം എന്നിവയില്‍നിന്നു ജനിതക വസ്തുക്കള്‍ വേര്‍തിരിച്ചാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.

ലോക്കറ്റ് മണ്ണില്‍ പൂണ്ടുകിടന്നതിനാൽ, അതില്‍നിന്നു വേര്‍തിരിച്ച ഡിഎന്‍എ ഉടമയുടേതാണോ, അതോ മണ്ണില്‍നിന്നു പുരണ്ടതാണോ എന്നു കണ്ടെത്താന്‍ ആദ്യഘട്ടത്തിൽ സാധിച്ചില്ല. സൂക്ഷ്മപഠനത്തിനായി ഗവേഷകര്‍ ലോക്കറ്റ് കണ്ടുകിട്ടിയ പ്രദേശത്തെ മണ്ണില്‍നിന്ന് ഡിഎന്‍എ വേര്‍തിരിച്ചു ഗവേഷണങ്ങള്‍ നടത്തി. മണ്ണില്‍നിന്നും ലോക്കറ്റില്‍നിന്നും ലഭിച്ച ഡിഎന്‍എ തമ്മിൽ സാമ്യമുണ്ടായിരുന്നില്ല. അതുകൊണ്ട്, ലോക്കറ്റിലെ ഡിഎന്‍എ അതു ധരിച്ചിരുന്ന ആളിന്‍റെയാണെന്നുതന്നെ സ്ഥിരീകരിക്കുകയായിരുന്നു ഗവേഷകര്‍.


ഡിഎന്‍എ വേര്‍തിരിച്ച് മോളിക്കുലാര്‍ ക്ലോക്ക് എന്ന വിദ്യയുപയോഗിച്ചാണ് പുരാവസ്തുവിന്‍റെ പഴക്കം നിർണയിക്കുന്നു. നിലവില്‍ എല്ല്, പല്ല് എന്നിവയില്‍നിന്നു മാത്രമേ ഈ സാങ്കേതിക വിദ്യയുപയോഗിച്ച് രക്തം വേര്‍തിരിക്കാനാകൂ. ഭാവിയില്‍ മറ്റു വസ്തുക്കളില്‍നിന്നുകൂടി ഡിഎന്‍എ വേര്‍തിരിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ആദിമമനുഷ്യരെക്കുറിച്ചും അവരുടെ പാരമ്പര്യങ്ങളെക്കുറിച്ചും കൂടുതലറിയാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണു ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ.