"ആ വേഷംകെട്ട് ഇവിടെ പാടില്ല': ഹാലോവീന്കാരോട് ഭൂഗര്‍ഭ റെയില്‍വേ അധികൃതര്‍
Tuesday, October 24, 2023 11:04 AM IST
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ കൊണ്ടാടപ്പെടുന്ന ഒരു ആഘോഷമാണല്ലൊ ഹാലോവീന്‍. ഒക്ടോബര്‍ 31 ന് ആണ് സാധാരണയായി ഇത് ആഘോഷിക്കുന്നത്. അമേരിക്കക്കാരും കാനഡക്കാരുമാണ് പ്രധാനമായും ഹാലോവീന്‍ ആഘോഷിക്കുക.
എന്നാല്‍ ഇതിന് വിവിധ പാരമ്പര്യങ്ങളില്‍ വേരുണ്ട്. ചൈനാക്കാരും ഈ ആചാരം കൊണ്ടാടാറുണ്ട്.
പ്രേതങ്ങള്‍, വാമ്പയര്‍മാര്‍, മന്ത്രവാദികള്‍ തുടങ്ങി ഭയാനകമായ കഥാപാത്രങ്ങളെയാണ് പലരും ഈ സന്ദര്‍ഭത്തില്‍ അനുകരിക്കുക. മറ്റുചിലര്‍ സൂപ്പര്‍ഹീറോകള്‍, സിനിമാതാരങ്ങള്‍, വീഡിയോ ഗെയിം കഥാപാത്രങ്ങള്‍ എന്നിങ്ങനെയുള്ള ജനപ്രിയ ആളുകളായിട്ടാകും എത്തുക.
എന്നാല്‍ ചൈനയില്‍ ഈ അവധിക്കാല ആഘോഷം അത്ര പ്രശസ്തമല്ല. അതിനാല്‍തന്നെ ഹാലോവീന്‍ ആചാരം പരിചയമില്ലാത്ത ആളുകളില്‍ ഈ മേക്ക് ഓവറുകള്‍ അസ്വസ്ഥത ജനിപ്പിച്ചു. പലരും ഇക്കാര്യത്തില്‍ പ്രതിഷേധിച്ചു.
തെക്കുകിഴക്കന്‍ ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ ഗ്വാംഗ്ഷൂവിലെ ഒരു ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന് ഇത്തരത്തില്‍ പ്രേതങ്ങളായി വരുന്നവരെ അങ്ങ് നിരോധിച്ചു.അതായാത് ഈ മേക്കപ്പില്‍ സ്റ്റേഷനുള്ളില്‍ വരണ്ട എന്നവര്‍ തീര്‍ത്തു പറഞ്ഞു. മാത്രമല്ല ഈ മേക്കപ്പ് നീക്കം ചെയ്യാനുള്ള ഏര്‍പ്പാടും റെയില്‍വേ അധികൃതര്‍ ചെയ്തു.
ഈ സംഭവം സമൂഹ മാധ്യമങ്ങളിലും എത്തി. "സബ്വേ സെക്യൂരിറ്റി റിക്യൂര്സ് പാസഞ്ചേഴ്സ് ടു റിമൂവ് മേക്കപ്പ്' എന്ന ഹാഷ്ടാഗ് വലിയ ഹിറ്റായി മാറി. അതോടെ ആ സ്റ്റേഷനിലേക്ക് ധാരാളംപേര്‍ എത്തി.
നിരവധിയാളുകളാണ് ഈ "മേക്കപ്പ് റിമൂവല്‍ ഡെസ്കുകള്‍' ഉപയോഗിച്ചത്. എന്നാല്‍ മറ്റു ചിലര്‍ ഇതില്‍ പ്രതിഷേധിക്കുകയും ചെയ്തു.