കരുതലുള്ള സഹപാഠികള്‍; 18 വര്‍ഷമായി തങ്ങളുടെ സുഹൃത്തിനെ സഹായിക്കുന്ന 49പേര്
Tuesday, October 24, 2023 12:58 PM IST
സ്കൂള്‍ അഥവാ പഠനകാലം; അതൊരു അതിമനോഹരമായ ഓര്‍മയാണ്. മഴ നനഞ്ഞും, മരത്തില്‍ കയറിയും കിളിയ്ക്കൊപ്പം പാടിയും പൂക്കളോട് സംസാരിച്ചുമൊക്കെ ഒരു സ്കൂള്‍ കാലം മറക്കാന്‍ കഴിയാത്തതായി മാറുന്നു.
മിക്കപ്പോഴും ഇത്തരം രസകരമായ കാര്യങ്ങളിലും കുസൃതികളിലും നമുക്കൊപ്പം കുറേ ചങ്ങാതിമാരും കാണും. അധ്യാപകന്റെ കൈയില്‍ നിന്ന് തല്ലു വാങ്ങാനായാലും ക്ലാസിന്റെ പുറത്ത് ശിക്ഷ വാങ്ങി നില്‍ക്കുമ്പോഴായാലും ഈ കൂട്ടുകാരില്‍ ഒരുത്തനെങ്കിലും നമുക്കൊപ്പം കാണും. അത്ര ആഴമുള്ള സൗഹൃമാണ് ഒരു സ്കൂള്‍ നമ്മില്‍ തീര്‍ക്കുന്നത്.
എന്നാല്‍ ആ പടി കടന്നുകഴിയുമ്പോള്‍ പലരും പലരേയും മറക്കും. ഇനി ഓര്ക്കാന്നുവെച്ചാലും ജീവിത പ്രാരാബ്ധവും മറ്റുമായി അതിന് നേരവും കാണില്ല. വഴിയിലെങ്ങാനുംവച്ചൊന്നു കണ്ടാലായി;അപ്പോള്‍ ചിരിച്ചാലുമായി.
എന്നാല്‍ എല്ലാരുടെയും അനുഭവം അത്തരത്തില്‍ ആയിരിക്കില്ല. അത്തരത്തില്‍ വേറിട്ട കുറച്ച് സുഹൃത്തുക്കളുടെ ഹൃദയസ്പര്‍ശിയായ കഥയാണിത്. ഈ കഥയങ്ങ് ചൈനയില്‍ നിന്നാണ്.
തെക്കുകിഴക്കന്‍ ചൈനയിലെ ജിയാംഗ്സി പ്രവിശ്യയില്‍ സിയോംഗ് ക്വിയാന്‍ജിന്‍ എന്നൊരു മനുഷ്യനുണ്ട്. നിലവില്‍ ഇദ്ദേഹം ശാരീരിക വൈകല്യം മൂലം ഏറെ ക്ലേശകരമായി ജീവിതം മുന്നോട്ട് നയിക്കുന്ന ആളാണ്.
എന്നാല്‍ 1995ല്‍ ഇദ്ദേഹം മിടുക്കനായ ഒരു വിദ്യാര്‍ഥി ആയിരുന്നു. നിരവധി കൂട്ടുകാരുള്ള ഒരാള്‍. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇദ്ദേഹത്തിന് ഒരു അപകടം സംഭവിക്കുകയുണ്ടായി. ഒരു ബസ് ഇദ്ദേഹത്തെ ഇടിക്കുകയുണ്ടായി. തത്ഫലമായി 58 ദിവസമാണ് ഇദ്ദേഹം കോമായില്‍ ആയത്.
മസ്തിഷ്ക ക്ഷതവും ശാരീരിക വൈകല്യവും സംഭവിക്കുകയും ചെയ്തു. പോരാഞ്ഞ് ഓര്‍മയും ഭാഗികമായി നഷ്ടപ്പെട്ടു.
പക്ഷേ ഇദ്ദേഹം തനിക്കൊപ്പം പഠിച്ചവരെ മാത്രം മറന്നില്ല. എന്നാല്‍ സിയോംഗിന് സംഭവിച്ച ആപത്ത് മറ്റ് സുഹൃത്തുക്കള്‍ ആരുംതന്നെ അറിഞ്ഞിരുന്നില്ല.
ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരുദിവസം ഇദ്ദേഹത്തെ കൂടെ പഠിച്ച ഒരാള്‍ കാണുകയുണ്ടായി. അതും സിയോംഗ് പേര് വിളിച്ചതിനാലാണ് ഫു സിബാവോ എന്ന ആ കൂട്ടുകാരന് ഇത് സിയോഗ് ആണെന്ന് മനസിലായത്.
അദ്ദേഹം തങ്ങളുടെ മറ്റ് സുഹൃത്തുക്കളോടും സിയോംഗിന്റെ അവസ്ഥ അറിയിച്ചു. അതിനിടെ സിയോംഗിന്റെ പിതാവ് മരണപ്പെട്ടിരുന്നു. അമ്മ തനിക്ക് ലഭിക്കുന്ന പെന്‍ഷന്‍കൊണ്ടാണ് സിയോംഗിനെ പോറ്റിയിരുന്നത്.
എന്തായാലും ഇദ്ദേഹത്തിന്റെ സഹപാഠികള്‍ എല്ലാവരുംകൂടി ഒരു തീരുമാനമെടുത്തു. എല്ലാവര്‍ഷവും സിയോംഗിനായി ഒരുതുക നല്‍കുക. 18 വര്‍ഷം മുമ്പെടുത്ത ആ തീരുമാനം ആ 49 സഹപാഠികളും ഇന്നും മുടക്കംവരാതെ ചെയ്യുന്നു.
ഓരോ വര്‍ഷവും ഏകദേശം 12,000 യുവാന്‍ (അതായാത് 1.3 ലക്ഷത്തിലധികം രൂപ) ഇവര്‍ ഇദ്ദേഹത്തിന് നല്കുന്നു. മാത്രമല്ല തങ്ങളുടെ കൂട്ടുകാരന് അവര്‍ ഒരു കമ്പ്യൂട്ടറും നല്കി. പോരാഞ്ഞ് അതിന്റെ ഉപയോഗവും സിയോംഗിനെ കൂട്ടുകാര്‍ പഠിപ്പിച്ചു.
അദ്ദേഹത്തിനിപ്പോള്‍ തന്റെ കൂട്ടുകാരുമായി ആശയവിനിമയം നടത്താന്‍ ആകുന്നു. തങ്ങളുടെ പഴയ കഥകളാണ് സിയോംഗ് കൂടുതല്‍ പറയുന്നത്. അത് ഇപ്പോള്‍ ബ്ലോഗിലും മറ്റുമായി കുറിക്കാനും സിയോംഗ് ആരംഭിച്ചു.
ചുരുക്കത്തില്‍ തങ്ങളുടെ ചങ്ങാതിയുടെ ജീവിതത്തെ ആ 49 പേര് തിരികെ കൊണ്ടുവന്നിരിക്കുന്നു. സിയോംഗിന്റെയും സുഹൃത്തുക്കളുടെയും കഥ നെറ്റിസന്റെയും ഹൃദയത്തെ തൊട്ടിരിക്കുകയാണ്. നിരവധിപേർ അവർക്കാശംസ നേർന്നു.
ഒന്നോര്‍ത്തുനോക്കൂ ഇത്രയധികം നല്ല കൂട്ടുകാരുള്ള സിയോംഗ് എത്ര ഭാഗ്യശാലിയാണ്...