മാതളനാരങ്ങ ഗ്രനേഡ് ആയപ്പോള്‍; ഭാഷാ ആപ്പ് ആപ്പിലാക്കിയ സംഭവം
Thursday, November 2, 2023 1:07 PM IST
ലോകസഞ്ചാരം വലിയ അനുഭവമാണല്ലൊ. അതുവരെ പരിചയമില്ലാത്ത അന്തരീക്ഷത്തില്‍ എത്തുമ്പോള്‍ നവ്യാനുഭവം മാത്രമല്ല അറിവും ലഭിക്കുന്നു.
എന്നാല്‍ എത്ര മഹത്കരമായ യാത്രയാണെങ്കിലും ചിലപ്പോള്‍ ചില അമളികള്‍ പിണയാം. അത്തരത്തിലുള്ള ഒരു കാര്യമാണിത്.
അടുത്തിടെ അസര്‍ബൈജാനില്‍ നിന്നുള്ള ഒരാള്‍ പോര്‍ച്യുഗല്‍ സന്ദര്‍ശിക്കുകയുണ്ടായി. ഈ യാത്രയില്‍ ഭാഷ സഹായത്തിനായി ഇദ്ദേഹം മൊബൈല്‍ ആപ്പുകളെ ആശ്രയിച്ചിരുന്നു. അങ്ങനെ സന്ദര്‍ശത്തിനിടെ ഇദ്ദേഹം ലിസ്ബണിലെ ഒരു റെസ്റ്റോറന്റില്‍ എത്തുകയുണ്ടായി.
ആപ്പില്‍ നോക്കി ഒരു മാതളനാരങ്ങാ ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ആപ്പ് ചതിച്ചു. ഇദ്ദേഹം ഉപയോഗിക്കുന്ന റഷ്യന്‍ ഭാഷയില്‍ മാതളനാരകത്തിന്റെയും ഗ്രനേഡിന്റിയും വാക്കുകള്‍ ഒന്നുതന്നെയാണത്രെ.
ചുരുക്കത്തില്‍ ഇദ്ദേഹം ജ്യൂസ് ചോദിച്ചപ്പോള്‍ ഗ്രനേഡ് കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് ജീവനക്കാരന് തെറ്റുധരിച്ചു. ഒരു ഭീകരാക്രമണം മുന്നില്‍കണ്ട് ഭയന്നുപോയ ഇദ്ദേഹം ഉടനടി പോലീസിനെ വിളിച്ചു. പിന്നെ പറയേണ്ടല്ലൊ കാര്യം.
പോലീസുകാരുടെ പട ഇങ്ങെത്തി. മുട്ടുകുത്താന്‍ വിനോദസഞ്ചാരിയോട് ആജഞാപിച്ചു. മാതളം പോര്‍ച്യുഗലില്‍ തെറി ആയിരുന്നൊ എന്നദ്ദേഹം ചിന്തിച്ചിരിക്കാം. എന്തായാലും സഞ്ചാരിയുടെ പിന്നത്തെ യാത്ര പോലീസ് ജീപ്പിലായിരുന്നു.
ഇദ്ദേഹം പാര്‍ത്ത ഹോട്ടലിലും കുളിച്ച മുറിയിലും ഒക്കെ പോലീസും തീവ്രവിരുദ്ധ സ്ക്വാഡും എത്തി. പക്ഷേ ആകെ തിരഞ്ഞിട്ടും ഒരുതരി വെടിമരുന്നുപോലും കണ്ടെത്തിയില്ല.
പിന്നീടാണ് കാര്യം എല്ലാവര്ക്കും മനസിലായത്. ആപ്പ് ചതിച്ച കാര്യം അറിഞ്ഞതോടെ നാട്ടുകാര്‍ക്കും ആശ്വാസം. എന്തായാലും മറക്കാനാകാത്ത ഒരു യാത്രാനുഭവത്തോടെയാകും നമ്മുടെ സഞ്ചാരി മടങ്ങുക.