ജയിക്കുംവരെ തോല്‍ക്കുമെന്ന് ഈ 78 കാരന്; ഭൂരഹിതര്‍ക്കായി 20-ാം അങ്കത്തിന് തയാര്‍
Tuesday, November 7, 2023 2:53 PM IST
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലൊ. വീറുംവാശിയുമുള്ള ഈ തെരഞ്ഞെടുപ്പിന്റെ ഫലം മിക്ക മുന്നണികള്‍ക്കും നിര്‍ണായകമാണ്.
പല മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും പല കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുകയാണിപ്പോള്‍. രാജസ്ഥാനില്‍ നിന്നുള്ള ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി വാര്‍ത്തകളില്‍ മാത്രമല്ല സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നുണ്ട്.
ഒരു പാര്‍ട്ടിയുടെയും ആളല്ലാതെ ശ്രദ്ധകേന്ദ്രമാകുന്ന ഇദ്ദേഹത്തിന്റെ പേര് തീതാര് സിംഗ് എന്നാണ്. ഇദ്ദേഹം 1970 മുതല്‍ 20 തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ മത്സരിച്ചു. ആ 20-ലും അദ്ദേഹം പരാജയപ്പെട്ടു.
പക്ഷേ 21-ാം തവണയും അദ്ദേഹം മത്സരിക്കാന്‍ തയാര്‍. കരണ്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് ഇദ്ദേഹം ഇത്തരത്തില്‍ മത്സരിക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ ദിവസ വേതനക്കാരനായി ജോലി ചെയ്യുന്ന ആളാണ് തീതാര് സിംഗ്. എന്നാല്‍ തെരഞ്ഞെടുപ്പ് ആകുമ്പോള്‍ ഇദ്ദേഹം ജോലി നിര്‍ത്തും.
പിന്നീട് ഇലക്ഷന് തിരക്കുകളിലേക്ക് കടക്കും. 2008ലെ രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 938 വോട്ടും 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 427 വോട്ടും 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 653 വോട്ടും സിംഗ് നേടിയിരുന്നു.
റിക്കാര്‍ഡിനോ ജനപ്രീതിക്കോ വേണ്ടിയല്ല താന്‍ മത്സരിക്കുന്നതെന്ന് തീതാര് പറയുന്നു. ഭൂരഹിതര്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
താനിത്ര തെരഞ്ഞെടുപ്പില്‍ നിന്നതും സര്‍ക്കാര്‍ ഈ കാര്യം ശ്രദ്ധിക്കാനാണ്. എന്നാല്‍ ഇദ്ദേഹത്തിനുള്‍പ്പെടെ നിരവധിപേര്‍ക്ക് ഇപ്പോഴും സ്വന്തമായി ഭൂമിയില്ല.
മൂന്നു പെണ് മക്കളും രണ്ട് ആണ്മക്കളും ചെറുമക്കളും തീതാര് സിംഗിനുണ്ട്. നിക്ഷേപ മൂലധനമായി 2,500 പണവുമുണ്ട്. വാഹനങ്ങളൊന്നും ഇല്ല.
നവംബര്‍ 25-ന് ആണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് ഫലം വരിക. എന്തായാലും തീതാര് നാമനിര്‍ദേശപത്രിക നല്‍കിക്കഴിഞ്ഞു. അദ്ദേഹം ചൂണ്ടിക്കാട്ടുന്ന കാര്യം ഇത്തവണയെങ്കിലും അധികൃതർ പരിഹരിക്കുമെന്ന മോഹം ബാക്കി നില്ക്കുന്നു...