കണ്ണുകള്‍ ഡോക്യുമെന്ററിയില്‍; വേദന നിവാരണ ക്രീം ഉപയോഗിച്ച് പല്ല് തേച്ച് യുവതി
Wednesday, November 8, 2023 9:52 AM IST
ലോകത്ത് എവിടെ ആയാലും ഒരു മലയാളി ഉറക്കമുണരുമ്പോള്‍ അമ്മയില്‍ നിന്നും കേള്‍ക്കുന്ന ആദ്യ ഡയലോഗ് ആയിരിക്കും "എഴുന്നേറ്റു പോയി പല്ലു തേക്കെടാ'. അതിനത്ര പ്രാധാന്യം ഉണ്ടെന്ന കാര്യം വേറെ.
ഉമിക്കിരി മുതല്‍ മുതല്‍ സെന്സൊഡന്റ്- കെ വരെയുള്ളവ നാം പല്ലു തേക്കാനായി ഉപയോഗിക്കാറുണ്ട്. ഈ പല്ലുതേപ്പ് ഒരുന്മേഷം നല്‍കുമെന്നത് സത്യമാണ്. എന്നാല്‍ ടൂത്ത് പേസ്റ്റിന് പകരം പെയിന്‍ റിലീഫ് ക്രീം ഉപയോഗിച്ച് പല്ല് തേച്ചാലൊ.
അത്തരമൊരു കാര്യം അബദ്ധത്തില്‍ ചെയ്ത യുവതിയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. മിയ കിറ്റെല്‍സണ്‍ എന്നൊരു യുവതിയാണ് ടൂത്ത് പേസ്റ്റ് ആണെന്നും കരുതി വേദന നിവാരണ ക്രീം എടുത്തത്.
മിയ ഒരു ഒടിടി പ്ലാറ്റ്ഫോമില്‍ ഡോക്യുമെന്ററി കാണുകയായിരുന്നു. അതില്‍ കണ്ണുംനട്ടു പേസ്റ്റ് എടുത്തപ്പോള്‍ മാറിപ്പോയതാണ്. ആദ്യ തേപ്പില്‍ ഒന്നും മനസിലായില്ലെങ്കിലും പിന്നീട് അറിഞ്ഞു.
അബദ്ധം മനസിലായ ഉടന്‍ മിയ തന്റെ കാമുകനെ വിളിച്ചുവിവരം പറഞ്ഞു. എന്നാല്‍ യുവതി വിഷം കഴിച്ചതായാണ് ഇദ്ദേഹം ധരിച്ചത്. എന്തായാലും യുവാവ് അധികൃതരെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
എന്തായാലും മിയയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല എന്നാണ് വിവരം. ഈ സംഭവം നെറ്റിസണെ ഞെട്ടിച്ചു. "ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വേണം. വേദന സംഹാരിക്ക് പകരം എലിവിഷമായിരുന്നെങ്കില്... തീര്‍ന്നേനെ' എന്നാണൊരാള്‍ ഓര്‍മിപ്പിച്ചത്.