പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഗോത്രജനതയ്ക്കൊപ്പം 100 മണിക്കൂര്‍ ചിലവഴിച്ച യൂട്യൂബര്‍ കണ്ട വിസ്മയങ്ങള്‍
Tuesday, November 14, 2023 11:49 AM IST
നമ്മുടെ കാഴ്ച വിസ്മയങ്ങളില്‍ കുരുങ്ങുമ്പോള്‍ കൗതുകം ആരംഭിക്കും. ഈ പ്രപഞ്ചം ഒരുക്കിയിട്ടുള്ള നിരവധി നിഗൂഢതകളിലേക്ക് നാം ജിജ്ഞാസയോടെ സഞ്ചരിക്കും. ചിലപ്പോള്‍ ആയുഷ്കാലത്തില്‍ ഉത്തരത്തിന്റെ ഒരറ്റം കാണും. മറ്റുചിലപ്പോള്‍ വരുംതലമുറയ്ക്ക് ഈ ചോദ്യം കൈമാറും.
ഈ ഭൂമിയിലെ ഏറ്റവും വലിയ അദ്ഭുതം മനുഷ്യന് അല്ലാതെ മറ്റെന്താണ്. കാലമിത്ര പുരോഗമിച്ചിട്ടും ഇതുവരെ മനുഷ്യരിലേക്ക് പൂര്‍ണമായി എത്തിച്ചേരുവാന്‍ ആര്‍ക്കും ആയിട്ടില്ല. പലതരത്തിലുള്ള തരംതിരിവുകള്‍ വഴി നാം മനുഷ്യരെ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ഇപ്പോഴിതാ ഡേവിഡ് ഹോഫ്മാന്‍ എന്ന ഒരു യൂട്യൂബറുടെ യാത്രയാണ് നെറ്റിസണിലും മാധ്യമങ്ങളിലും ചര്‍ച്ച. പുറം ലോകവുമായി ബന്ധം പുലര്‍ത്താത്ത, ആര്‍ക്കും ഇതുവരെ അടുത്തറിയാന്‍ കഴിയാഞ്ഞ ഒരു ഗോത്രത്തിന്റെ അടുത്തേക്ക് ആയിരുന്നു അദ്ദേഹത്തിന്റെ സാഹസിക യാത്ര.
ലോകത്തിലെ ഏറ്റവും അപകടകരമായ ഗോത്രമായി കണക്കാക്കപ്പെടുന്നവരാണ് ഹുവോറാനി അല്ലെങ്കില്‍ വോരാനി എന്ന വിഭാഗം. തെക്കേ അമേരിക്കയിലെ ഇക്വഡോറില്‍ ആമസോണ്‍ വനത്തിലാണ് വോരാനി ഗോത്രം താമസിക്കുന്നത്.
അവര്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങളായി പൂര്‍ണമായും ഒറ്റപ്പെടലിലാണ് ജീവിക്കുന്നത്. നിഗൂഢമായ നിരവധി പാരമ്പര്യങ്ങളുമായി ജീവിക്കുന്ന ഇവര്‍ 1950-കള്‍ വരെ പുറംലോകവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
മൃഗങ്ങളെ മാത്രമല്ല സഹ ഗോത്രക്കാരെയും പുറത്തുനിന്നുള്ളവരെയും കൊന്നുകളയാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഇല്ല. അവരുടെ പ്രദേശത്ത് പ്രവേശിച്ച ആദ്യത്തെ ക്രിസ്ത്യന്‍ മിഷനറിമാരെ ഇവര്‍ കൊന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇന്നും ഗോത്രത്തിലെ ചില ശാഖകള്‍ പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവും പുലര്‍ത്താറില്ല. ആധുനിക മനുഷ്യന് പിടികിട്ടാത്ത ഒരു ഭാഷയിലാണവര്‍ സംസാരിക്കുന്നത്.
വോരാനി ആളുകള്‍ വളരെ അപൂര്‍വമായേ വസ്ത്രം ധരിക്കാറുള്ളൂ. പക്ഷേ അവര്‍ ജീവിക്കുന്ന പരിസ്ഥിതിയെക്കുറിച്ച് അവര്‍ക്ക് നല്ല ധാരണയുണ്ട്. പ്രകൃതിയെക്കുറിച്ച് അതിശയകരമാംവിധം അറിവ് ഇവര്‍ക്കുണ്ട്.
ഫലപ്രദമായ മരുന്നുകളും വിഷങ്ങളും സസ്യങ്ങളില്‍ നിന്നും ഉണ്ടാക്കാന്‍ ഇവര്‍ക്കറിയാം. പ്രത്യേക ഇനം ചെടികളില്‍ നിന്നും വിഷം ഉണ്ടാക്കി അത് അമ്പില്‍ പുരട്ടിയാണ് ഇവര്‍ വേട്ടയാടുന്നത്.
കുരങ്ങുകള്‍, കാട്ടുപന്നികള്‍ തുടങ്ങിയ മൃഗങ്ങളെയാണിവര് ഭക്ഷിക്കാറുള്ളത്. പരന്ന പാദങ്ങൾ ഉള്ള ഇവര്‍ മരങ്ങളില്‍ നിസാരമായി കയറുന്നു.
ഇക്കാര്യങ്ങളൊക്കെ ലോകത്തിന് മനസിലാക്കിത്തരുവാന്‍, കാട്ടിത്തരുവാന്‍ ഡേവിഡ് ഹോഫ്മാന്‍ സാധിച്ചു.ചുരുക്കത്തില്‍ പ്രാകൃതവും പാരമ്പര്യ ശൈലി പിന്തുടരുന്നതുമായ ഒരു ജനതയെ കുറിച്ച് സ്വന്തം ജീവന് പണയംവച്ച് ഇദ്ദേഹം ലോകത്തിന് പറഞ്ഞുതന്നിരിക്കുന്നു.
ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ ഇവരുമായി സമയം ചിലവിടുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. വോരാനി ഗോത്രത്തിന്റെ കാഴ്ചകള്‍ നമ്മളെ വിസ്മയിപ്പിക്കുമെന്ന് നിസംശയം പറയാം...