മഴക്കാടുകളിലെ അദ്ഭുത ബാലകര്‍; ചരിത്രത്തില്‍ നിലനില്‍ക്കുന്ന അതിജീവനത്തിന്റെ 40 നാളുകൾ
Saturday, June 10, 2023 3:20 PM IST
ലോകം ഏറ്റവും സന്തോഷിക്കുന്ന ഒരു ദിനമായിരിക്കുകയാണ് 2023 ജൂണ്‍ 10. അതിന് കാരണം നാല് കുട്ടികളാണ്. ഇന്നലെവരെ കുട്ടികള്‍ അല്ലെ അവര്‍ എന്ന് നിസാരമായി ചിന്തിച്ചിരുന്നവര്‍ക്ക് മുന്നിലേക്ക് തങ്ങള്‍ അതിജീവനത്തിന്റെ അടയാളങ്ങള്‍ കൂടിയണെന്ന് തെളിയിക്കുകയാണ് ഈ കുട്ടികള്‍.
ലെസ്ലി(13), സൊലെയ്നി(9), ടിയെന്‍(4), ക്രിസ്റ്റിന്( 11 മാസം) എന്നിവരാണ് ആ അദ്ഭുതപ്പെടുത്തിയ നാലുപേര്‍.
ലോകത്തെയാകെ ചിന്തിപ്പിച്ച, മുള്‍മുനയില്‍ നിര്‍ത്തിയ ഈ കഥ അരങ്ങേറിയത് അങ്ങ് കൊളംബിയയിലാണ്. ഇക്കഴിഞ്ഞ മേയ് ഒന്നിന് പുലര്‍ച്ചെ ആമസോണ്‍ കാട്ടില്‍ കാക്വെറ്റ പ്രവിശ്യയില്‍ ഒരു ചെറുവിമാനം തകര്‍ന്നു വീഴുകയുണ്ടായി. ഏഴുപേരായിരുന്നു അതില്‍ സഞ്ചരിച്ചിരുന്നത്.
ഈ നാല് കുട്ടികളും, വിമാനത്തിന്റെ പൈലറ്റും, ഒരു ഗോത്രവര്‍ഗ നേതാവും പിന്നെ ഈ കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യും ആയിരുന്നു അതിലെ യാത്രക്കാര്‍.
അപകടത്തിന് മുമ്പ് കുട്ടികളും അവരുടെ അമ്മയും സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം എഞ്ചിന് തകരാര്‍ കാരണം മെയ്ഡേ അലര്‍ട്ട് നല്കി. എന്നാല്‍ തിരഞ്ഞെത്തിയ സൈനികര്‍ക്ക് രണ്ടാഴ്ചയ്ക്ക് ശേഷം, 16-ാം തീയതി ഇവരില്‍ മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്താനായത്.
പക്ഷേ ഈ നാല് കുട്ടികളെക്കുറിച്ച് ഒരു വിവരവും സെെന്യത്തിന് ലഭിച്ചില്ല. കുട്ടികളും അപകടത്തില്‍ മരിച്ചുപോയേക്കാം എന്നാണവര്‍ ആദ്യം കരുതിയത്. എന്നാല്‍ കുട്ടികളുടെ മൃതശരീരം കാണാത്തതിനാല്‍ അവര്‍ ഒരുപക്ഷേ രക്ഷപ്പെട്ടിരിക്കാം എന്ന ചിന്തയും സെെനികര്ക്കുണ്ടായി.
ഇടയില്‍ മേയ് 17ന് ഈ കുഞ്ഞുങ്ങളെ കണ്ടെത്തിയതായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ഒരു ട്വീറ്റ് വന്നു. എന്നാല്‍ അടുത്തദിവസം അത് തെറ്റായ വിവരമാണെന്ന് പ്രസിഡന്റ് അറിയിച്ചു. അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.
ഇതോടെ ഈ കുട്ടികളെ മഴക്കാടുകളില്‍ കാണാനില്ലെന്ന വിവരം ലോകമെമ്പാടും വാര്‍ത്തയായി. എന്തുവില കൊടുത്തും കുട്ടികള്‍ക്കെന്ത് സംഭവിച്ചെന്നറിയണമെന്ന് ലോകത്തിന്റെ പലകോണില്‍ നിന്നും ആവശ്യമുയര്‍ന്നു.
പിന്നീട് വന്‍ തോതിലുള്ള തിരച്ചില്‍ ആമസോണ്‍ കാടുകളില്‍ ആരംഭിച്ചു. 150ല്‍ അധികം സെെനികരും പ്രത്യേക പരിശീലനം സിദ്ധിച്ച നായകളുമൊക്കെ തിരച്ചിലിനായി എത്തി.
ഈ കുട്ടികള്‍ ഹുയിറ്റോട്ടോ എന്ന ഗോത്രവിഭാഗത്തില്‍ പെട്ടവരായിരുന്നു. അവരുടെ പൂര്‍വികര്‍ക്ക് കാടിനെക്കുറിച്ചും കാട്ട് പഴങ്ങളെക്കുറിച്ചും നല്ലറിവ് ഉണ്ടായിരുന്നു. ഇത് ഈ കുട്ടികള്‍ക്കും കാണും എന്നത് ആളുകളില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചു.
എന്നാല്‍ മാസം ഒന്നു കഴിഞ്ഞിട്ടും ആര്‍ക്കും അവരെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. കുട്ടികള്‍ അഥവാ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടാലും പുലിയും വിഷ പാമ്പുകളുമൊക്കെയുള്ള ഒരു കാട്ടില്‍ അതിജീവിക്കുക അസംഭവ്യമെന്ന് പലരും പറഞ്ഞു തുടങ്ങി.
ഇടയില്‍ മികച്ച പരിശീലനം ലഭിച്ച ഒരു നായയേയും സൈനികര്‍ക്ക് നഷ്ടമായി. അതോടെ പലരുടേയും പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.
എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ കുട്ടികള്‍ ഉപേക്ഷിച്ച ഒരു കുപ്പി, ഒരു ജോടി കത്രിക, മുടി കെട്ടുന്ന സാധനസാമഗ്രി എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തത് വലിയ വഴിത്തിരിവായി. അതോടെ ഈ കുട്ടികള്‍ ജീവിച്ചിരിക്കുന്നുഎന്ന വിശ്വാസം മിക്കവരിലും തിരിച്ചുവന്നു.
കുട്ടികളുടെ മുത്തശിയുടെ ശബ്ദം റിക്കാര്‍ഡ് ചെയ്ത് ഹുയിറ്റോട്ടോ ഭാഷയില്‍ കാട്ടിലൂടെ കേള്‍പ്പിച്ച് സെെനികര്‍ പാഞ്ഞു. ആ സമയം ലോകം മുഴുവന്‍ ഈ കുഞ്ഞുങ്ങള്‍ക്കായി പ്രാര്‍ഥിച്ചു. ഒടുവില്‍ 40-ാം ദിവസം സെെന്യം അവരെ കണ്ടെത്തി.
ഈ വാര്‍ത്ത ലോകത്തെ എല്ലാ മാധ്യമങ്ങളും ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും അറിയിച്ചു. അതേ കൊടുംകാട്ടില്‍ 40 ദിനങ്ങള്‍ ആ നാല് കുഞ്ഞുങ്ങള്‍ അതിജീവിച്ചിരിക്കുന്നു.
സെെന്യം അവരെ കണ്ടെത്തുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ക്ക് നിര്‍ജലീകരണത്തിന്റെ ചെറിയ പ്രശ്നങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. വെെകാതെ സെെന്യം അവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നൊരു മാന്ത്രിക ദിനമാണെന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞത്. "ഈ കുട്ടികള്‍ ഇന്ന് സമാധാനത്തിന്റെ മക്കളും കൊളംബിയയുടെ കുട്ടികളുമാണ്. അവര്‍ ഒറ്റയ്ക്കായിരുന്നു, അവര്‍ തന്നെ സമ്പൂര്‍ണ അതിജീവനത്തിന്റെ ഉദാഹരണം കൈവരിച്ചു. അത് ചരിത്രത്തില്‍ നിലനില്ക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വയസായ കുട്ടിയുമായി അവരിത്ര നാള് എങ്ങനെ ഈ കാട്ടില്‍ ജീവിച്ചു എന്നത് ലോകത്തെ ആകെ അദ്ഭുതപ്പെടുത്തുകയാണ്. ഈ ലോകവും സമൂഹ മാധ്യമങ്ങളും ഈ കുഞ്ഞുങ്ങളുടെ തിരിച്ചുവരവിനെ ആഘോഷിക്കുകയാണ്.
അതേ കുട്ടികളുടെ കഴിവ്, മനസ്... മുതിര്‍ന്നവരുടെ ചിന്തയ്ക്കും അപ്പുറമാണെന്ന് കൂടിയാണീ സംഭവം തെളിയിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലെ കുട്ടികളും സന്തോഷവാന്മാരും സ്വതന്ത്രരും ആയിരിക്കട്ടെ. ഈ അതിജീവനം അനേകര്‍ക്ക് ഊര്‍ജമാകട്ടെ...