"എന്തെങ്കിലും ഗുണമുണ്ടോന്ന് നോക്കട്ടെ'; ജിമ്മില്‍ പോകുന്ന മകളെ വെല്ലുവിളിച്ച് അമ്മ
Tuesday, November 7, 2023 11:19 AM IST
ജിമ്മില്‍ പോക്ക് ഇപ്പോള്‍ മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. അതില്‍ പ്രായഭേദമൊന്നും കാര്യമാകാറില്ല. എന്നാല്‍ കൂടുതലും യൗവനക്കാരാണ് ജിമ്മില്‍ എത്താറുള്ളത്.
ഇപ്പോഴിതാ സ്ഥിരം ജിമ്മില്‍ പോകുന്ന മകളെ ഗോതമ്പ് ചാക്ക് ചുമക്കാന്‍ വെല്ലുവിളിക്കുന്ന അമ്മയാണ് സമൂഹ മാധ്യമങ്ങളിലെ താരം.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ അമ്മ തന്നെ വിളിക്കുന്നത് കേട്ട യുവതി ഹാളിലേക്ക് നടന്നുവരികയാണ്. യുവതിയോട് നിറയെ ഗോതമ്പുള്ള ഒരു ചാക്ക് എടുത്ത് മറ്റൊരിടത്തേയ്ക്ക് വയ്ക്കാന്‍ അമ്മ പറയുകയാണ്. ജിമ്മില്‍ ചെയ്യുന്ന വര്‍ക്കൗട്ടുകളൊക്കെ കൊണ്ട് ഗുണമുണ്ടായൊ എന്നറിയണമെന്നാണ് അമ്മയുടെ പക്ഷം.
അമ്മയുടെ വെല്ലുവിളിയില്‍ നിന്നും യുവതി ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഒടുവില്‍ ചാക്ക് പൊക്കാന്‍ ശ്രമിക്കുകയാണ്. ആദ്യമൊക്കെ പ്രയാസപ്പെടുന്നുണ്ടെങ്കിലും ഏറ്റവും ഒടുവില്‍ യുവതി ചാക്ക് പൊക്കികൊണ്ട് മറ്റൊരിടത്ത് എത്തിക്കുന്നു.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തി. നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "മകള്‍ക്ക് ശക്തി; അമ്മയ്ക്ക് ബുദ്ധി. ചാക്ക് മാറിയിരിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.