കാമുകന്റെ പേര് നെറ്റിയില്‍ പച്ചകുത്തുന്ന യുവതി; വീഡിയോ
Wednesday, November 8, 2023 10:47 AM IST
ജീവിതത്തെ വസന്തമാക്കുന്ന ഒരു വികാരമാണല്ലൊ പ്രണയം. മോഹം പൂക്കളായി വിടരുകയും സ്വപ്നങ്ങളായി പാറുകയും നോവായി പെയ്യുകയും ഒക്കെ ചെയ്യുമ്പോള്‍ പ്രണയം മനോഹരമെന്ന് കവികള്‍ കുറിക്കുന്നു.
എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം അതല്ലെന്ന് കരുതുന്നവരും ഉണ്ട്. എന്തായാലും പ്രണയികള്‍ തങ്ങളുടെ ഇണയോടുള്ള സ്നേഹം പ്രകടമാക്കാന്‍ പല കലാപാരിപാടികളും നടത്താറുണ്ട്.
പണ്ട് കാലത്ത് ചില കൗമാരക്കാര്‍ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് കൈയില്‍ വരച്ചിടുന്നത് ഓര്‍മയില്ലെ. കാലം മാറിയപ്പോള്‍ ബ്ലേഡിന് പകരം ടാറ്റൂ രംഗത്തെത്തി.
ഇപ്പോഴിതാ സ്വന്തം കാമുകന്റെ പേര് തിരുനെറ്റിയില്‍ ടാറ്റൂ ചെയ്യിക്കുന്ന യുകെയിലെ ഒരു യുവതി നെറ്റിസണില്‍ ചര്‍ച്ചയാവുകയാണ്. അന സ്റ്റാന്‍സ്കോവ്സ്കി എന്ന യുവതിയാണ് ഇത്തരം ഒരു കാര്യം ചെയ്തത്.
"എന്റെ മുഖത്ത് ബോയ് ഫ്രണ്ടിന്റെ പേര് പച്ചകുത്തുന്നു'എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ യുവതി ഒരു ടാറ്റൂ ഷോപ്പിലാണുള്ളത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് അവളുടെ നെറ്റിയില്‍ "കെവിന്' എന്ന് ഭീമാകാരമായ കറുത്ത അക്ഷരത്തില്‍ എഴുതുന്നത് കാണാം.
തുടക്കത്തില്‍ അന വേദനയും അസ്വസ്ഥതയും കാട്ടുന്നുണ്ട്. പിന്നീട് അതിനോട് സഹകരിക്കുകയാണ്. ഒടുവില്‍ ഇത് പൂര്‍ത്തീകരിക്കുന്നു. കെവിന് എന്ന എഴുത്ത് കണ്ണാടിയില്‍ നോക്കി അന സന്തോഷിക്കുന്നതായി കാണാം.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "മുഖത്ത് ഇത്രയും വലിയ പച്ചകുത്തുന്നത് വലിയ കാര്യമായി ആളുകള്‍ കരുതുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇനിയെങ്ങാനും പിരിഞ്ഞാലോ' എന്നാണൊരാള്‍ കുറിച്ചത്.
ഈ വീഡിയോ വ്യാജം എന്നാണ് മറ്റുചിലര്‍ സംശയിക്കുന്നത്. അതിനു കാരണം സൂചിയോ ചോരയൊ ഒന്നും കാണുന്നില്ല എന്നതാണ്. ടാറ്റൂ ആര്‍ട്ടിസ്റ്റിന് ശ്രദ്ധ നേടാനൊ അല്ലെങ്കില്‍ യുവതിക്ക് വൈറലാകാനൊ ഉള്ള കുതന്ത്രം എന്നാണ് അവര്‍ പറയുന്നത്.
മഷി യഥാര്‍ഥമാണോ എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നു.