ഒരു ആലിംഗനത്തിനായി പോലീസിനെ വിളിച്ചാല്‍ സംഭവിക്കുന്നത്; അതും എമര്‍ജന്‍സി നമ്പറില്‍
Wednesday, November 8, 2023 12:32 PM IST
നമ്മുടെ നാട്ടില്‍ 100, 101,102,112 എന്നീ നമ്പരുകളൊക്കെ അത്യാഹിത സമയങ്ങളില്‍ വിളിക്കേണ്ടവയാണല്ലൊ. ഇത്തരത്തില്‍ വിളിച്ചാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുകയും സഹായം നല്‍കുകയും ചെയ്യും.
അങ്ങ് അമേരിക്കയില്‍ 911 ആണ് എമര്‍ജന്‍സി നമ്പര്‍. ഈ നമ്പരില്‍ ആര് വിളിച്ചാലും അവിടുത്തെ പോലീസുകാര്‍ ഉടനടി എത്തും. എന്നാല്‍ അടുത്തിടെ ഫ്ളോറിഡയിലെ പോലീസുകാര്‍ക്ക് 911ല്‍ ഒരു കോള്‍ വന്നു. എന്നാൽ മറുഭാഗത്തുനിന്നും പറഞ്ഞതൊന്നും തിരിഞ്ഞില്ല.
അവര്‍ വേഗം വിളിവന്ന വീട്ടിൽ എത്തി. വീട്ടുലുള്ള സ്ത്രീ പോലീസിനെ കണ്ട് ആകെ അമ്പരന്നു. ഇവിടെ നിന്നും തങ്ങള്‍ക്ക് വിളിവന്ന കാര്യം പോലീസുകാരന് സ്ത്രീയോട് പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് ഇവരുടെ അഞ്ചുവയസുള്ള ഇളയമകന് ആണ് ഇത്തരത്തില്‍ ഫോണ്‍ ചെയ്തതെന്ന കാര്യം അറിഞ്ഞത്.
എന്തിനാണ് ഫോണ്‍ ചെയ്തതെന്ന കാര്യം തിരക്കിയപ്പോഴാണ് കുട്ടി രസകരമായ അക്കാര്യം പറഞ്ഞത്. തനിക്ക് പോലീസുകാരനില്‍ നിന്നും ഒരു ആലിംഗനം ലഭിക്കണമായിരുന്നത്രെ. പോലീസുകാരന്റെ നമ്പര്‍ 911 ആയതിനാലാണത്രെ അതില്‍ വിളിച്ചത്.
ഉത്തരംകേട്ട ആ പോലീസുകാരന് ഉടനടി കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുത്തു. അദ്ദേഹം ആ കുഞ്ഞിനെ കെട്ടിപ്പിടിച്ചു. മാത്രമല്ല എമര്‍ജന്‍സി നമ്പറുകളുടെ സവിശേഷത എന്തെന്ന കാര്യം അദ്ദേഹം ആ കുഞ്ഞിനോട് വിശദീകരിച്ചു.
ഇനി അപകടസമയം മാത്രം ഇത്തരത്തില്‍ വിളിക്കാവൂ എന്ന ഉപദേശവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ബോഡി കാമില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും എത്തി. ഈ പോലീസുകാരനെ സമൂഹ മാധ്യമങ്ങള്‍ അഭിനന്ദിച്ചു.
"മാതൃകാപരമായ പ്രവൃത്തി. ആ കുഞ്ഞിന്റെ മനസ് നിങ്ങള്‍ മനസിലാക്കി' എന്നാണൊരാള്‍ കുറിച്ചത്.