അഞ്ച് വര്‍ഷത്തിനുശേഷം കാമുകനെ കണ്ടുമുട്ടിയ യുവതി വിമാനത്താവളത്തില്‍ നൃത്തം ചെയ്യുന്ന കാഴ്ച
Friday, November 10, 2023 11:28 AM IST
പ്രണയത്തിലുള്ള ആളുകള്‍ പലപ്പോഴും തങ്ങളുടെ പങ്കാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ അതുല്യമായ വഴികള്‍ കണ്ടെത്തുന്നു. പ്രണയത്തിലെ കാത്തിരിപ്പും വിരഹവും ആനന്ദവുമൊക്കെ കുറിക്കാന്‍ സമൂഹമാധ്യമങ്ങള്‍ ഉണ്ടായതോടെ കാമുകീകാമുകന്മാര് കൂടുതല്‍ ഹാപ്പി.
ഇത്തരത്തില്‍ നിരവധിപേരുടെ പ്രേമം നെറ്റിസണില്‍ ഹിറ്റ് ആകാറുണ്ട്. ആ ഗണത്തില്‍ ഉള്ള ഒന്നിന്റെ കാര്യമാണിത്. ടൊറന്റോയില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർ നിക്കി ഷായാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
ദീര്‍ഘവര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിക്കിയുടെ കാമുകന് ഇവരെ കാണാന്‍ കാനഡയില്‍ എത്തുകയാണ്. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ ദൂരേ നിന്നു പ്രണയിച്ചശേഷമായിരുന്നത്രെ ഈ കണ്ടുമുട്ടല്‍.
ദൃശ്യങ്ങളില്‍ കാനഡയിലെ ഒരു വിമാനത്താവളത്തില്‍ ലഗേജുമായി വന്നിറങ്ങുന്ന യുവാവിനെ കാണാം. ഇദ്ദേഹത്തിന് മറ്റൊരാള്‍ പൂക്കള്‍ നല്കുന്നു. തന്റെ കാമുകി എവിടെയാണെന്ന ആകാംക്ഷയോടെ യുവാവ് മുന്നോട്ട് നടക്കുകയാണ്.
ഒടുവില്‍, ഷേര്‍ഷാ എന്ന സിനിമയിലെ "രാതന്‍ ലംബിയാന്‍'എന്ന നൃത്തത്തിലൂടെ നിക്കി അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും കാമുകനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. നിക്കിയുടെ നൃത്തം കാമുകന് ആസ്വദിച്ചുനില്ക്കുകയാണ്. ഒടുവില്‍ കാമുകന് അവളെ ആലിംഗനം ചെയ്യുന്നു.
ഇവരുടെ കണ്ടുമുട്ടലില്‍ നിരവധിപേര്‍ ആശംസകള്‍ നേര്‍ന്നു. "യഥാര്‍ഥ പ്രണയത്തിന് കാലവും ദൂരവും വിഘാതമല്ലെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു; ആശംസകള്‍' എന്നാണൊരാള്‍ കുറിച്ചത്.