"രണ്ടെണ്ണം പൊട്ടിക്കാന്‍ ആളില്ലെ'; ട്രെയിന്‍ ട്രാക്കില്‍ പടക്കം പൊട്ടിച്ച യൂട്യൂബര്‍ക്കെതിരേ പൊട്ടിത്തെറിച്ചു നെറ്റിസണ്
Friday, November 10, 2023 12:25 PM IST
കൊത്തി കൊത്തി മുറത്തിൽക്കയറി കൊത്തുന്നപോലെയാണ് ചില യൂട്യൂബർമാരുടെ പ്രകടനങ്ങൾ. വൈറലാകാൻ വേണ്ടി നിയമവിരുദ്ധ കാര്യങ്ങൾക്കുവരെ അവർ മടിക്കാറില്ല. രാജസ്ഥാനിൽ ഒരു യൂട്യൂബർ കാട്ടിക്കൂട്ടിയത് കണ്ടാൽ അയാൾക്കിട്ടു മാത്രമല്ല, അവരെപ്പോലെയുള്ളവർക്ക് ലൈക്ക് അടിക്കുന്നവർക്കിട്ടും രണ്ടു പെട കൊടുക്കാൻ തോന്നും.
രാജസ്ഥാനിലെ അജ്മീർ പ്രദേശത്തെ ദന്ത്രാ റെയിൽവേ സ്റ്റേഷന് സമീപമാണ് യൂട്യൂബറുടെ അതിസാഹസം അരങ്ങേറിയത്. റെയില്‍വേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ടു പൊട്ടിച്ച് വീഡിയോ ചിത്രീകരിക്കുകയാണ് കക്ഷി ചെയ്തത്.
ട്രാക്കിന്റെ മധ്യത്തിൽ വച്ച് പടക്കത്തിന് തീ കൊടുക്കുന്നതും വലിയ ഉയരത്തിൽ കനത്ത പുക ഉയരുന്നതും വീഡിയോയിൽ കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് യൂട്യൂബറെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആളെ പിടികിട്ടിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. റെയിൽവേ ആക്റ്റിലെ സെക്ഷൻ 145,147 പ്രകാരം റെയിൽവേ ട്രാക്കുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ 1,000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.
ഇയാളുടെ പ്രവൃത്തിയിൽ നെറ്റിസണും കലിപ്പിലാണ്."നടപടി അനിവാര്യമാണ്' എന്നാണൊരാൾ കുറിച്ചത്.