മദ്യപിച്ച് ട്രിപ്പിള്‍ അടിച്ച് വല്ലവന്റേയും കാറിന്റെ കണ്ണാടിയും തകര്‍ത്തു; ആഹാ അന്തസ്!
Saturday, November 11, 2023 12:25 PM IST
"മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ അത് കുടിക്കുന്നതിനാല്‍ മാത്രമാണൊ അതോ കുടിച്ചശേഷം നടത്തുന്ന "കാട്ടുക്കൂട്ടലുകള്' നിമിത്തമാണൊ എന്നത് പെട്ടെന്ന് പറയാന്‍ ആകില്ല.
പലരും ഇത്തരത്തില്‍ മദ്യപിച്ചശേഷം സമൂഹത്തിന് ശല്യമായി പെരുമാറും. വെളിവുവരുമ്പോള് "ലേലു അല്ലു' എന്നും പറയും.
ഇത്തരത്തിൽ മദ്യപിച്ചശേഷം ബൈക്കില്‍ കറങ്ങിയ മൂന്നുപേര്‍ നടത്തിയ പ്രവര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. എക്സിലെത്തിയ വീഡിയോയില്‍ ബംഗളൂരുവിലെ ഒരു റോഡിലുണ്ടായ സംഭവമാണുള്ളത്.
ദൃശ്യങ്ങളില്‍ മൂന്ന് പേര് സ്കൂട്ടറില്‍ സഞ്ചരിക്കുകയാണ്. ഇവര്‍ വളഞ്ഞും പുളഞ്ഞുമാണ് വണ്ടിയുമായി പായുന്നത്. ഇടയില്‍ ഇവരില്‍ പിറകില്‍ ഇരിക്കുന്നയാള്‍ നിരത്തിലുള്ള ഒരു കാറിന്റെ വശത്തെ കണ്ണാടി ഇടിച്ചുതകര്‍ക്കുകയാണ്.
പിന്നീട് ബൈക്കില്‍ പാഞ്ഞുപോവുകയും ചെയ്തു. ദൃശ്യങ്ങളില്‍ കാറുകാരന് വണ്ടി വശത്തേക്ക് നീക്കുന്നതായി കാണാം.
എന്നാല്‍ ബംഗളൂരുവിലെ സരക്കി സിഗ്നലിൽ നടന്ന ദൃശ്യങ്ങള്‍ പിന്പില്നിന്നെത്തിയ ആരോ പകര്‍ത്തിയിരുന്നു. തേര്‍ഡ് ഐ ഡ്യൂഡ് എന്ന അക്കൗണ്ട് അത് ഓണ്‍ലൈനില്‍ പങ്കുവച്ചതോടെ പോലീസും സംഭവത്തില്‍ ഇടപെട്ടും.
കെഎസ് ലേഔട്ട് ട്രാഫിക് പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പ്രതികളെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു. രോഹിത് എന്നയാളാണ് ഈ പ്രവര്‍ത്തി ചെയ്ത് കുടുങ്ങിയത്. മദ്യലഹരിയില്‍ താന്‍ ചെയ്തുപോയതെന്നാണ് രോഹിത് പോലീസിനോട് പറഞ്ഞത്.
എന്തായാലും കാര്‍ തകര്‍ത്തത്തിനു മാത്രമല്ല ട്രിപ്പിള്‍ റൈഡിംഗ്, ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കല്‍ എന്നിങ്ങനെ പലകാര്യങ്ങളില്‍ പോലീസ് കേസെടുത്തു. 21,500 രൂപ പിഴയും വിധിച്ചു.
"നന്നായി ഇവരുടെ ലൈസന്‍സും റദ്ദാക്കണം' എന്നാണ് നെറ്റിസണില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്.