"തീകൊണ്ട് തല ചൊറിയുന്നു'; പടക്കം പൊട്ടിച്ച് ബൈക്കില്‍ സ്റ്റണ്ട് നടത്തുന്ന യുവാവ്
Tuesday, November 14, 2023 3:38 PM IST
കഴിഞ്ഞദിവസം നാടെങ്ങും ദീപാവലിയുടെ ആഘോഷത്തില്‍ ആയിരുന്നല്ലൊ. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആളുകള്‍ ദീപാവലി കൊണ്ടാടി. ചിലര്‍ സമൂഹ മാധ്യമങ്ങളിലും തങ്ങളുടെ ആഘോഷരംഗങ്ങള് പങ്കിട്ടു.
അക്കൂട്ടത്തില്‍ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നും ഒരു രംഗമെത്തി. എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ സാഹസികമായി പടക്കം പൊട്ടിക്കുന്നതാണുള്ളത്.
ദൃശ്യങ്ങളില്‍ ഇവരില്‍ ഒരാളുടെ ബൈക്കില്‍ കരിമരുന്നും പടക്കവുമൊക്കെ കെട്ടിവയ്ക്കുന്നു. ശേഷം ഈ യുവാവ് വണ്ടിയുമായി മുന്നോട്ട് നീങ്ങുന്നു. വാഹനം നീങ്ങുന്നതിനിടയില്‍ ബൈക്കില്‍ ഘടിപ്പിച്ച പടക്കം പൊട്ടിക്കുകയാണ്.
യുവാവ് ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തുന്നു. മറ്റു സുഹൃത്തുക്കള്‍ ഈ കരിമരുന്നു പ്രയോഗം മൊബൈല്‍ ഫോണിലും മറ്റും പകര്‍ത്തുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.
"നമ്മുടെ നിരത്തുകളില്‍ നിരവധി വാഹനാപകടം ദിനവും സംഭവിക്കാറുണ്ട്. പലതും അശ്രദ്ധ മൂലവും ചിലത് സാഹസികത മൂലവുമൊക്കെയാണ്. എത്രയെത്ര സംഭവങ്ങള്‍ ഉദാഹരണങ്ങളായി നമുക്ക് മുന്നില്‍ എത്തിയാലും ഇത്തരം സാഹികതകള് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.
സംഭവം വിവാദമായതോടെ ഡെവിള്‍ റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് ഉപയോക്താവിനെ തിരയുകയാണ് പോലീസ്.