വരന്റെ നോട്ടുമാലയിൽ ഇരുപതു ലക്ഷം രൂപ!
Friday, November 24, 2023 11:59 AM IST
വിവാഹദിനത്തിലെ കൗതുകങ്ങൾ സോഷ്യൽ മീഡിയയിൽ ഒരുപാട് പ്രചരിക്കാറുണ്ട്. അവയിൽ പലതും വൈറലാകാറുമുണ്ട്. എന്നാൽ ഹരിയാനയിൽ നടന്ന ഒരു വിവാഹത്തിൽ വരൻ അണിഞ്ഞ നോട്ടുമാല കണ്ടവർ കണ്ണുതള്ളിയിരിക്കുകയാണ്.
500 രൂപയുടെ നോട്ടുകൾ പൂക്കളുടെ ആകൃതിയിൽ വച്ചുണ്ടാക്കിയ മാലയാണ് വരൻ ധരിച്ചിരുന്നത്. മാലയിലുള്ള നോട്ടുകളുടെ എണ്ണം നാലായിരം. ആകെ മൂല്യം 20 ലക്ഷം.
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു ടെറസിനു മുകളിലാണ് വരൻ നിൽക്കുന്നത്. അയാളുടെ കഴുത്തിൽ ഇട്ടിക്കുന്ന മാല ടെറസിൽനിന്നു താഴേക്കു നീണ്ടു കിടക്കുന്നു. കൂറ്റൻ നോട്ടുമാല കണ്ട് അന്തം വിട്ടവർ ഇത് ശരിക്കും കറൻസിതന്നെയാണോ എന്നു സംശയം പ്രകടിപ്പിച്ചു.
ആദായനികുതി ഉദ്യോഗസ്ഥർ വൈകാതെ സ്ഥലത്തെത്തുമെന്നായിരുന്നു ഒരാളുടെ കമന്റ്. ദമ്പതികൾക്ക് ഭാഗ്യവും സമൃദ്ധിയുമുണ്ടാകാൻ കറൻസികൊണ്ടുള്ള മാല ധരിക്കുന്നത് ചില പ്രദേശങ്ങളിലെ ആചാരമാണ്.