"അന്യന്റെ മുതലല്ലെ'; വീല്‍ചെയര്‍ വലിച്ചെറിയുന്ന എയര്‍ലൈന്‍സ് ജീവനക്കാര്‍
Monday, November 27, 2023 10:30 AM IST
ഒരു ജോലി വേണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ താന്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ഥത കാട്ടുന്നവര്‍ നന്നേ കുറവാണ്. അത്തരക്കാര്‍ നിമിത്തം പലപ്പോഴും കമ്പനിക്കും വ്യക്തികള്‍ക്കും നഷ്ടങ്ങള്‍ സംഭവിക്കുന്നു.
അത്തരമൊരു കാര്യത്തിന്റെ ഉദാഹരണമാണിത്. എക്സിലെത്തിയ ദൃശ്യങ്ങളില്‍ അമേരിക്കയിലെ മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍സ് ജീവനക്കാരെയാണ് കാണാന്‍ കഴിയുന്നത്.
ഇവര്‍ വിമാനത്തില്‍ നിന്നും സാധനങ്ങള്‍ പുറത്തിറക്കുകയാണ്. ദൃശ്യങ്ങളില്‍ ഇവര്‍ ഒരു വീല്‍ ചെയര്‍ അലക്ഷ്യമായി താഴേക്ക് ഉരുട്ടിവിടുന്നു. താഴെ നില്ക്കുന്ന ജീവനക്കാരന് അത് പിടിക്കാനായി ഒരുശ്രമവും നടത്തുന്നുമില്ല.
ഫലത്തില്‍ വീല്‍ചെയര്‍ തലകീഴായി കിടക്കുന്നു. അതിന് കേടുപാടുകള്‍ സംഭവിച്ചെന്ന് ഉറപ്പാണ്. എന്നിട്ടും ഈ ജീവനക്കാരന് അത് കൂളായി എടുത്ത് മറ്റൊരു ഇടത്തേക്ക് മാറ്റുന്നു. സംഭവം കണ്ടുനിന്നവരില്‍ ഒരാൾ വീഡിയോ പകര്‍ത്തുകയുണ്ടായി.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ വ്യാപകവിമര്‍ശനം ഉയര്‍ന്നു. "ഇതൊട്ടും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമാണ്; നടപടിവേണം' എന്നാണൊരാള്‍ രോഷാകുലനായി പ്രതികരിച്ചത്.
സംഭവത്തില്‍ തങ്ങള്‍ അന്വേഷണം നടത്തുമെന്നും നടപടിയുണ്ടാകുമെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.