ചെരിപ്പുകള്‍ മോഷ്ടിക്കുന്ന ഡെലിവറി ഏജന്റ്; കാമറയില്‍ കുടുങ്ങിയപ്പോള്‍
Monday, November 27, 2023 1:53 PM IST
ചിലര്‍ മോഷണം ഒരു തൊഴിലായി കാണുമ്പോള്‍ ചിലരില്‍ ഇതൊരു വാസനയാണ്. അത്തരം വാസനയുള്ളവര്‍ അവസരം കിട്ടുമ്പോഴൊക്കെ അത് പ്രകടിപ്പിക്കും. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെയും സിസിടിവിയുടെയും ഒക്കെ കാലത്ത് ഇത്തരം ചെയ്തികള്‍ അവരെ വെളിച്ചത്തിലാക്കി കുഴപ്പത്തില്‍ ചാടിക്കും.
അത്തരമൊരു കാര്യത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ വീടിന് പുറത്തുള്ള ചെരിപ്പുകള്‍ മോഷ്ടിക്കുന്ന ഡെലിവറി ഏജന്റിനെയാണ് കാണാന്‍ ആകുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച് ഒരു ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രാത്രി അപ്പാര്‍ട്ട്മെന്റില്‍ എത്തുകയും ഓര്‍ഡര്‍ എടുക്കുകയുമാണ്.
ഇന്‍സ്റ്റന്റ് ഡെലിവറി സേവനദാതാവാണ് ബ്ലിങ്കിറ്റ്. പലചരക്ക് സാധനങ്ങളും അവശ്യസാധനങ്ങളും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത ഒരു വീട്ടിലാണ് ഏജന്റ് എത്തിയത്. ദൃശ്യങ്ങളില്‍ കാണാനാകുന്നത് ആദ്യം ഓര്‍ഡര്‍ എടുത്ത് ഇയാള്‍ മടങ്ങുകയാണ്.
എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഇയാള്‍ തിരിച്ചെത്തി ഉപഭോക്താവിന്റെ വീട്ടുവാതില്ക്കല് നിന്ന് ഷൂ മോഷ്ടിക്കുകയാണ്. ഈ ഷൂസ് ഇയാള്‍ തന്റെ ജാക്കറ്റിനുള്ളില്‍ ആക്കിയശേഷം കടന്നുകളയുകയാണ്.
എന്നാല്‍ ഈ ദൃശ്യങ്ങളെല്ലാം തൊട്ടടുത്തുള്ള സിസിടിവി കാമറയില്‍ പതിഞ്ഞു. ശേഷം സമൂഹ മാധ്യമങ്ങളിലും എത്തി. നിരവധിപേര്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചു. "ഈ സംഭവം ഹൈപ്പര്‍-ലോക്കല്‍ ഡെലിവറികളുടെ അപകടസാധ്യതകള്‍ തുറന്നുകാട്ടുന്നു' എന്നാണൊരാള്‍ പ്രതികരിച്ചത്.