"ഇത് പറക്കും പോലീസ്'; പാരാമോട്ടര്‍ നിരീക്ഷണം വൈറല്‍
Monday, November 27, 2023 3:41 PM IST
നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ അധ്വാനിക്കുന്നവരാണല്ലൊ പോലീസ്. കാലഘട്ടത്തിന് അനുസരിച്ച് വ്യത്യസ്ത വഴികള്‍ അവര്‍ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ നൂതന സാങ്കേതിക വിദ്യകളും അവര്‍ ഉയോഗിക്കുന്നു.
ഇപ്പോഴിതാ പോലീസ് നിരീക്ഷണത്തിനായി പാരാമോട്ടര്‍ ഉപയോഗിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
ഗുജറാത്ത് പോലീസ് ആണ് ഇത്തരത്തില്‍ പാരാമോട്ടര്‍ ഉപയോഗിക്കുന്നത്. ജുനഗഡ് ജില്ലയിലെ "ലിലി പരിക്രമയെ' നിരീക്ഷിക്കാനാണ് അവര്‍ ഇത്തരത്തില്‍ പാരാമോട്ടര്‍ ഉപയോഗിച്ചത്. ജുനഗഡ് ജില്ലയിലെ ആത്മീയ പ്രാധാന്യമുള്ള ഗിര്‍നാര്‍ പര്‍വതത്തിന് ചുറ്റും ഭക്തര്‍ സഞ്ചരിക്കുന്ന വാര്‍ഷിക തീര്‍ഥാടനമാണ് ലിലി പരിക്രമ.
ഭവനാഥ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഈ ആചാരത്തില്‍ പങ്കെടുക്കന്‍ ഇന്ത്യയിലുടനീളം ഒരു ലക്ഷത്തോളം ആളുകള്‍ എത്തിച്ചേരുന്നു. ജീപ്പിലും മറ്റുമായി മേളയ്ക്കിടയില്ക്കൂടി ആളുകളെ നിരീക്ഷിക്കുന്നത് അത്ര പ്രയോഗികമല്ല.
അതിനാലാണ് ഗുജറാത്ത് പോലീസ് ഇത്തരം നിരീക്ഷണം പരിക്ഷിച്ചത്. പാരാമോട്ടര്‍ ഒരു പാരാഗ്ലൈഡര്‍ പോലെയാണ് അവര്‍ ഉപയോഗിച്ചത്.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ കുറച്ചുപോലീസുകാര്‍ ഈ ഗ്ലൈഡര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ത് കാണാം. ഒരു പോലീസുകാരന് അതില്‍ ഇരിക്കുന്നുണ്ട്. പിന്നീട് അയാള്‍ ഉയര്‍ന്നു പറക്കുകയാണ്.
അദ്ദേഹം ആളുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. വൈറലായി മാറിയ ഈ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "കൊള്ളാം! ഭാവിയില്‍ ഡ്രോണ്‍ പോലീസിംഗ് നടക്കുമെന്ന് തോന്നുന്നു' എന്നാണൊരാള്‍ കുറിച്ചത്.