വരന് ഡെങ്കിപ്പനി; അതോടെ ആശുപത്രി കല്യാണമണ്ഡപമായി
Friday, December 1, 2023 12:32 PM IST
വിവാഹം സ്വര്‍ഗത്തില്‍ എന്നൊക്കെ പലരും പറയും. എന്നാല്‍ വിവാഹം ആശുപത്രിയില്‍ എന്നത് അധികംപേര്‍ പറയാറില്ല. ഇത്തരത്തില്‍ വേറിട്ട ഇടങ്ങളില്‍ കല്യാണങ്ങള്‍ നടക്കുന്നത് ഏതെങ്കിലും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമായിരിക്കുമല്ലൊ.
അത്തരമൊരു സംഭവം അടുത്തിടെ ഉത്തര്‍പ്രദേശില്‍ ഉണ്ടായി. ഇക്കഴിഞ്ഞ നവംബര്‍ 27ന് ഡല്‍ഹി സ്വദേശിയായ അവനീഷ് കുമാറിന്റെയും അനുരാധയുടെയും വിവാഹം അവരുടെ വേണ്ടപ്പെട്ടവര്‍ നിശ്ചയിച്ചിരുന്നു.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ 25ന് വരന് പനിപിടിച്ചു. കൂടുതല്‍ പരിശാധിച്ചപ്പോള് ഡെങ്കിപ്പനി ആണിതെന്ന് സ്ഥിരീകരിച്ചു.രോഗം മൂര്‍ച്ഛിച്ച അവനീഷിനെ ഗാസിയാബാദിലെ മാക്സ് വൈശാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കാന്‍ വരന്റെ വീട്ടുകാര്‍ ആദ്യം തീരുമാനിച്ചു. അതിനിടെ ചികിത്സയില്‍ കഴിഞ്ഞ അവനീഷിനെ കാണാന്‍ അനുരാധയുടെ കുടുംബം ആശുപത്രിയില്‍ എത്തി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടത്തണമെന്ന ആഗ്രഹം അവര്‍ പങ്കുവച്ചു.
ഇതോടെ വിവാഹം എങ്ങനെ നടത്താം എന്ന കാര്യം ഇരുകൂട്ടരും ചിന്തിച്ചു. ഒടുവില്‍ ആശുപത്രിയില്‍ത്തന്നെ കല്യാണം നടത്താന്‍ അവര്‍ തീരുമാനിച്ചു.
ഇക്കാര്യം അവര്‍ ഡോക്ടര്‍മാരുമായും സംസാരിച്ചു. ഒടുവില്‍ ആശുപത്രി അധികൃതരുടെ സമ്മതത്തോടെ ഈ വിവാഹം നടന്നു. ലളിതമായ ചടങ്ങില്‍ ഏറ്റവും വേണ്ടപ്പെട്ട 10പേര് മാത്രമാണ് പങ്കെടുത്തത്.
അവനീഷ് ആരോഗ്യനില പുരോഗതി പ്രാപിച്ച ശേഷം എല്ലാവരെയും വിളിച്ച് ഒരു വിവാഹപ്പാര്‍ട്ടി നടത്താനാണ് ഇവരുടെ വീട്ടുകാരുടെ തീരുമാനം. ഈ വിവാഹം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി. നിരവധിപേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു രംഗത്തെത്തി.