"ആരും എന്നോടൊപ്പം കളിക്കുന്നില്ല'; ഒരു നാലുവയസുകാരന്റെ കണ്ണീര് പറയുന്നത്...
Friday, December 1, 2023 3:07 PM IST
കുട്ടികള്‍ ആണ് ഈ ലോകത്തെ ചലിപ്പിക്കുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാനിടയില്ല. അവരുടെ നിഷ്കളങ്കമായ ചിരിയും പ്രവര്‍ത്തികളും ഈ ഭൂമിയെ സുന്ദരമാക്കുന്നു.
പണ്ട് വലിയവര്‍ ഒക്കെ ഈ കുഞ്ഞുങ്ങളുടെ കുസൃതികള്‍ കാണാന്‍ സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ കാലം മാറിയതോടെ എല്ലാവരും തിരക്കിലായി. ആര്‍ക്കും സ്വന്തം മക്കളെ പോലും ശരിയായി ഒന്നു ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
ഇതത്ര നല്ല കാര്യമല്ല എന്നതാണ് വാസ്തവം. കാരണം ബാല്യം ഏറ്റവും മനോഹരമാണെങ്കില്‍ ഒരാളുടെ ജീവിതം നല്ലതായി മാറും.
അടുത്തിടെ എക്സില്‍ എത്തിയ ഒരു വീഡിയോയില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു നാലുവയസുകാരന്റെ സങ്കടമാണുള്ളത്. "മൈ ഗോള്‍ഡന്‍ കിഡ്സ്' എന്ന റിയാലിറ്റി ഷോയുടെ ദൃശ്യമായിരുന്നു ഇത്.
വീഡിയോയയില്‍ കുട്ടി മാതാപിതാക്കളെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു. മാതാപിതാക്കളെ കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞത് തനിക്കവരെ അറിയില്ല. താന്‍ എന്നും തനിച്ചാണ്. തനിക്കൊപ്പം ആരും കളിക്കാനും ഇല്ല എന്നാണ്.
ഇക്കാര്യങ്ങള്‍ പറയുന്നതിനിടെ കുട്ടി കരയുന്നതായും കാണാം. അച്ഛന് വലിയ ദേഷ്യക്കാരന്‍ ആണെന്നും അദ്ദേഹം തന്നോട് സൗമ്യമായി സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഈ കുട്ടി പറയുന്നു.
ഈ കുട്ടിയുടെ നൊമ്പരം നെറ്റിസണെയും നോവിച്ചു. നിരവധിയാളുകള്‍ കമന്റുകളുമായി എത്തി. "ഒരു ചെറിയ കുഞ്ഞ് ഒരു നിമിഷം ചോദിക്കുന്നത് കാണുന്നത് എന്റെ ഹൃദയം തകര്‍ക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.