തിരക്കേറിയ മുംബൈ സ്റ്റേഷനില്‍ ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് യുവതി; വിമര്‍ശിച്ച് നെറ്റിസണ്
Monday, December 4, 2023 12:10 PM IST
മെട്രോ ട്രെയിനുകളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതു ഇടങ്ങളിലും റീല്‍സും മറ്റും ചിത്രീകരിക്കുക എന്നത് അടുത്തിടെയായി വളരെ കൂടുകയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പൊതുജനത്തിന് ബുദ്ധിമുട്ടായി മാറുന്നു.
എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പലരും ഇക്കാര്യങ്ങള്‍ തുടരുന്നു. "വെറുപ്പിക്കല്‍' ആയി മാറുന്നു എന്ന് നെറ്റിസണും പലപ്പോഴും അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ഇത്തരം പ്രവണതകള്‍ തുടരുകയാണ്.
അടുത്തിടെ തിരക്കേറിയ മുംബൈ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഒരു യുവതി ഇത്തരത്തിൽ ഒരു നൃത്തം ചെയ്യുകയുണ്ടായി. എക്സിലെത്തിയ ദൃശ്യങ്ങളില്‍ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന യാത്രക്കാരെ കാണാം.
ഇവര്‍ക്കിടയിലേക്ക് ഒരു യുവതി എത്തുകയാണ്. ഇന്‍സ്റ്റാഗ്രാം ബ്ലോഗര്‍ സീമ കനോജിയയാണ് ഈ യുവതി. സീമ "കുച്ച് കുച്ച് ഹോതാ ഹേ' എന്ന ഗാനത്തിലെ "കോയി മില്‍ ഗയാ'എന്ന ഗാനത്തിന് നൃത്തം ആരംഭിക്കുന്നു.
റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടന്നും നിന്നുമൊക്കെയാണ് ഈ ചുവടുവയ്പ്പ്. എന്നാലിത് യാത്രക്കാര്‍ അത്ര ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തം. ചിലര്‍ അവിടെ നിന്നും മാറുകയാണ്. കുറച്ചുപേര്‍ നിസംഗത പാലിച്ചുനില്ക്കുന്നു.
സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളില്‍ നിരവധി അഭിപ്രായങ്ങള്‍ ഉടലെടുത്തു. ഒട്ടുമിക്കവരും വിമര്‍ശനമാണുന്നയിച്ചത്. "ആരെങ്കിലും ഒരു എതിര്‍പ്പ് ഉന്നയിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. റയില്‍വേ ഇടപെടേണ്ട സമയം അതിക്രമിച്ചു' എന്നാണൊരാള്‍ കുറിച്ചത്.