പ്രിയപ്പെട്ട ഗാനം കേള്‍ക്കുമ്പോള്‍ ഈ നായയുടെ പ്രതികരണം; വൈറല്‍ വീഡിയോ
Wednesday, December 6, 2023 12:08 PM IST
ചില പാട്ടുകള്‍ നമ്മുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം പിടിക്കും. അത് പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കും. അതിന്റെ ഒരു ട്യൂണ്‍ എവിടെയെങ്കിലും കേട്ടാലുടന്‍ നമ്മള് തിരിച്ചറിയും. അപ്പോള്‍ മനസില്‍ ആനന്ദം ഉണ്ടാകും.
എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമല്ല പാട്ടുകള്‍ ഇഷ്ടമാവുക എന്ന കാര്യം പറഞ്ഞുതരികയാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോ. ദൃശ്യങ്ങളില്‍ തന്റെ പ്രിയഗാനം കേട്ട ഒരു നായയുടെ പ്രതികരണമാണുള്ളത്.
വീഡിയോയില്‍ ഒരു നായ കിടന്നുറങ്ങുന്നതായി കാണാം. ഈ സമയം തൊട്ടടുത്ത ടിവിയില്‍ ഗാനങ്ങള്‍ പ്ലേ ചെയ്യുന്നുണ്ട്. ഒരാള്‍ ഉടനടി കബീര്‍ സിംഗ് എന്ന ചിത്രത്തിലെ അര്‍ജിത് സിംഗിന്റെ "തുജെ കിത്ന ചാഹ്നെ ലഗെ' എന്ന ഗാനം ഇടുകയാണ്.
ഈ ഗാനം കേട്ടയുടന്‍ നായ ചാടി എഴുന്നേല്ക്കുന്നു. പിന്നീട് ശബ്ദംവച്ചുകൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നു. ഈ ഗാനം ആ നായയ്ക്ക് അത്ര പ്രിയമാണത്രെ.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. ഒരു പക്ഷേ അവന്റെ യജമാനനും ഇഷ്ടമുള്ള ഗാനം ഇതായിരിക്കാം എന്നാണൊരാള്‍ കുറിച്ചത്.