ഉടമയൊന്നു കുഴഞ്ഞു വീണു; മുഖത്ത് മൂത്രമൊഴിച്ചും കുത്താൻ കത്തിയെടുത്തും നായ്ക്കൾ
Wednesday, March 5, 2025 10:47 AM IST
വീട്ടിലെ അരുമ മൃഗങ്ങളുടെ കുസൃതിയും സ്നേഹവുമൊക്കെ ഉടമകൾ വീഡിയോയായോ ചിത്രമായോ ഒക്കെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. മിക്കതും പെട്ടന്നു തന്നെ വൈറലാകാറുമുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ ഒരു നായ മാത്രമല്ല ഒന്നിലധികം നായ്ക്കളുണ്ട്.
ഉടമ കുഴഞ്ഞു വീഴുന്പോൾ ഈ നായ്ക്കളൊക്കെ എന്തു ചെയ്യുമെന്നു നോക്കാമെന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സംഭവം രസകരമായിട്ടുണ്ടെന്നും ചിരിയുണർത്തുന്നതുമാണെന്നുമാണ് കമന്റുകളൊക്കെ സൂചിപ്പിക്കുന്നത്.
നായ്ക്കളെക്കുറിച്ചുള്ള വീഡിയേകൾ പലപ്പോഴും പോസ്റ്റ് ചെയ്യുന്ന ഒരു പേജാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലെ ഒരു ക്ലിപ്പിൽ, കുഴഞ്ഞു വീണ ഉടമസ്ഥൻ മരിച്ചതാണോ എന്ന സംശയത്തിൽ രണ്ടോ മൂന്നോ നായ്ക്കൾ സിപിആർ നൽകാൻ ശ്രമിക്കുന്നത് കാണാം.
മറ്റൊരു നായയാകട്ടെ ഉടമയ്ക്കു ചുറ്റുമൊന്നു നടന്നു പരിശോധിച്ചതിനുശേഷം ഉടമയെ കുത്താൻ എന്ന മട്ടിൽ കത്തി ഉയർത്തുന്നതും ഉടമ എഴുന്നേറ്റ് രക്ഷപ്പെടുന്നതും കാണാം. മറ്റൊന്ന് നിലത്ത് വീണു കിടക്കുന്ന ഉടമയുടെ മേൽ മൂത്രമൊഴിക്കുന്നു. മറ്റൊരെണ്ണമാകട്ടെ വീണു കിടക്കുന്ന ഉടമയ്ക്കു മേൽ കയറി തുള്ളിച്ചാടുന്നതു കാണാം.
വീഡിയോ വൈറലായി മാറിയതോടെ നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്കു താഴെ വന്നിട്ടുണ്ട്. ഉടമ അബോധാവസ്ഥയിലായപ്പോഴേക്കും മുഖത്ത് മൂത്രമൊഴിച്ച നായയെക്കുറിച്ച് ആശ്ചര്യപ്പെട്ടവർ നിരവധിയാണ്.
അതേസമയം, ബോധം കെട്ടു വീണപ്പോൾ ഉടമയെ കുത്താനായി കത്തി എടുത്ത നായയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരും നിരവധിയാണ്. എന്നാൽ, ആ വ്യക്തി കൃത്യസമയത്ത് ഉണർന്നതു കൊണ്ട് അപകടമൊന്നും സംഭവിച്ചില്ലെന്നും ആളുകൾ പറയുന്നു.