അഭിനയം ഓവറായി; "യുവവൃദ്ധൻ' ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ
Tuesday, September 10, 2019 11:06 AM IST
വൃദ്ധന്റെ വേഷത്തിൽ ആൾമാറാട്ടം നടത്തി വ്യാജപാസ്പോർട്ടുമായെത്തിയ യുവാവ് ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. അഹമ്മദാബാദ് സ്വദേശിയായ ജയേഷ് പട്ടേലാണ് (32) പിടിയിലായത്. ഞായറാഴ്ച ഇന്ദിരാഗാന്ധി വിമാനത്താവളത്തിലായിരുന്നു സംഭവം.
വെളുത്ത തലപ്പാവും വെളുത്ത താടിയുമായി വൃദ്ധന്റെ വേഷത്തിൽ വീൽച്ചെയറിലാണ് ജയേഷ് എത്തിയത്. ഡൽഹിയിൽനിന്നും ന്യൂയോർക്കിലേയ്ക്കു പോകുകയായിരുന്നു ലക്ഷ്യം. വ്യാജപാസ്പോർട്ടിൽ അമ്രിക് സിംഗ് (81) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നു. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരാണ് ജയേഷിന്റെ കള്ളത്തരം പൊളിച്ചത്.
ചക്രക്കസേരയിലെത്തിയ ജയേഷിന്റെ അമിതാഭിനയം സംശയത്തിനിടനൽകുകയായിരുന്നു. കസേരയിൽനിന്നും എഴുന്നേൽക്കാൻ ഇയാൾ വല്ലാതെ ബുദ്ധിമുട്ടി. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേർക്ക് നോക്കാൻ ഇയാൾ മടിക്കുകയും ചെയ്തു. യാത്രക്കാരന്റെ ചർമത്തിന് പ്രായത്തിന്റേതായ ചുളിവുകളൊന്നും കാണാനും സാധിച്ചില്ല.
പ്രായം തോന്നിക്കാൻ സാധാരണ ലെൻസുള്ള കണ്ണട ഇയാൾ ഉപയോഗിച്ചിരുന്നു. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദപരിശോധന നടത്തിയപ്പോഴാണ് കള്ളിപൊളിഞ്ഞത്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.